പാലക്കാട്: അന്താരാഷ്ട്ര ചലച്ചിത്ര മേളക്ക് ഇത്തവണ പാലക്കാടും വേദിയാകും. 25ാമത് ഐഎഫ്എഫ്കെ 2021 ഫെബ്രുവരി മുതൽ സംസ്ഥാനത്തിലെ നാലു ജില്ലകളിലായി സംഘടിപ്പിക്കുന്നു. കേരള സര്‍ക്കാരിന്‍റെ സാംസ്കാരിക വകുപ്പിനുവേണ്ടി ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 25-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള 2020 ഡിസംബറില്‍ നടക്കേണ്ടതായിരുന്നു.
എന്നാല്‍ കൊവിഡ് രോഗ വ്യാപനത്തിൻ്റെ പശ്ചാത്തലത്തില്‍ അത് മാറ്റിവെക്കേണ്ടിവന്നു. കേരളത്തിന്‍റെ അഭിമാനമായ ഒരു സാംസ്കാരിക പരിപാടി പൂര്‍ണമായും ഒഴിവാക്കുന്നത് ശരിയല്ലെന്ന ബോധ്യത്തിലാണ് എല്ലാവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് 2021 ഫെബ്രുവരിയില്‍ മേള നടത്താന്‍ നിശ്ചയിച്ചിരിക്കുന്നതെന്ന് സർക്കാർ വ്യക്തമാക്കി. തിരുവനന്തപുരം എന്ന സ്ഥിരം വേദിയില്‍ നടക്കുന്ന മേളയില്‍ ഓരോ വര്‍ഷവും പതിനാലായിരം പ്രതിനിധികളാണ് പങ്കെടുക്കാറുള്ളത്. കൊവിഡിൻ്റെ സാഹചര്യത്തില്‍ ഇത് പ്രായോഗികമല്ലാത്തതിനാല്‍ കേരളത്തിൽ നാലു മേഖലകളിലായാണ് ഇത്തവണ ഐഎഫ്എഫ്കെ സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം, എറണാകുളം, തലശേരി, പാലക്കാട് എന്നിവിടങ്ങളിലാണ് മേള നടക്കുക. തിരുവനന്തപുരത്ത് 2021 ഫെബ്രുവരി 10 മുതല്‍ 14 വരെയും എറണാകുളത്ത് ഫെബുവരി 17 മുതല്‍ 21 വരെയും തലശേരിയില്‍ ഫെബുവരി 23 മുതല്‍ 27 വരെയും പാലക്കാട് മാര്‍ച്ച് ഒന്ന് മുതല്‍ അഞ്ച് വരെയും ആണ് മേള സംഘടിപ്പിക്കുന്നത്. ഓരോ മേഖലയിലും അഞ്ചു തിയേറ്ററുകളിലായി അഞ്ചു ദിവസങ്ങളില്‍ മേള നടക്കും. ഓരോ തിയേറ്ററിലും 200 പേര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ.
മേളയുടെ ഉദ്ഘാടനം തിരുവനന്തപുരത്തും സമാപനം പാലക്കാടും ആയിരിക്കും. മേളയുടെ ഭാഗമായി പൊതുപരിപാടികളോ ആള്‍ക്കൂട്ടമുണ്ടാകുന്ന സാംസ്കാരിക പരിപാടികളോ കാണില്ല. മീറ്റ് ദ ഡയറക്ടര്‍, പ്രസ് മീറ്റ്, മാസ്റ്റര്‍ ക്ളാസ്, വിദേശ അതിഥികളുടെ സാന്നിധ്യം എന്നിവയെല്ലാം ഓണ്‍ലൈന്‍ വഴിയായിരിക്കും. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി വിദേശ പ്രതിനിധികളോ അതിഥികളോ മേളയില്‍ നേരിട്ട് പങ്കെടുക്കില്ല.