മലപ്പുറം: കരുളായിയിൽ കൽക്കുളം തീക്കടിക്കോളനിക്ക് സമീപം കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. വനാതിർത്തിക്കടുത്ത് വനത്തിനുള്ളിലാണ് 25 വയസ് തോന്നിക്കുന്ന കൊമ്പന്‍റെ ജഡം കണ്ടെത്തിയത്. ജഡത്തിന് രണ്ടുദിവസത്തെ പഴക്കമുണ്ട്. പ്രദേശവാസികൾ ജഡം കണ്ടതിനെതുടർന്ന് വനം വകുപ്പിനെ അറിയിക്കുകയായിരുന്നു.
ബുധനാഴ്‌ച ചീനിക്കുന്നിലും പരിസരങ്ങളിലും അവശനിലയിൽ നാട്ടുകാർ കണ്ട കൊമ്പനാണ് ചരിഞ്ഞത് എന്നാണ് നിഗമനം. കരുളായിയിൽ നാട്ടുകാർ കണ്ട അവശനായ ആനയ്ക്ക് ചികിത്സ ലഭ്യമാക്കുന്നതിനായി കഴിഞ്ഞ മൂന്നു ദിവസം വനപാലകർ വനാതിർത്തിയിലും വനത്തിനകത്തും തിരച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. നിലമ്പൂർ സൗത്ത് ഡിഎഫ്, കരുളായി റെയ്ഞ്ച് ഓഫീസർ എന്നിവരുടെ നേതൃത്വത്തിൽ വനപാലകർ സ്ഥലത്തെത്തി. ജഡം ഇന്ന് വനം വെറ്റിനറി സർജൻ പോസ്റ്റ്മോർട്ടം നടത്തും. പോസ്റ്റുമോർട്ടം കഴിഞ്ഞാലേ ആന ചരിഞ്ഞതിന്‍റെ കാരണം വ്യക്തമാകൂ. കഴിഞ്ഞയാഴ്ച കരുളായി പനിച്ചോലയിൽ കൃഷിയിടത്തിൽ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞിരുന്നു.