മലപ്പുറം: മാലിന്യ മുക്ത ചാലിയാർ പദ്ധതിയുടെ ഭാഗമായ സംഭരണ കേന്ദ്രത്തില്‍ കെട്ടിക്കിടന്ന അജൈവ മാലിന്യങ്ങൾ കയറ്റി അയച്ചു തുടങ്ങി. ഈ മാസം അവസാനത്തോടെ സംഭരണ കേന്ദ്രത്തില്‍ കെട്ടിക്കിടക്കുന്ന മുഴുവൻ മാലിന്യങ്ങളും കയറ്റി അയക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. ചാലിയാർ പഞ്ചായത്തിനെ മാലിന്യ മുക്ത പഞ്ചായത്താക്കാൻ രണ്ട് വർഷം മുമ്പാണ് മൂലേപ്പാടത്ത് സംഭരണ കേന്ദ്രം തുടങ്ങിയത്. പതിനാറോളം ഹരിതസേനാ അംഗങ്ങളാണ് വീടുകളിൽ നിന്നും വ്യാപാര കേന്ദ്രങ്ങളില്‍ നിന്നും മാലിന്യങ്ങൾ ശേഖരിച്ച് സംഭരണ കേന്ദ്രത്തിൽ എത്തിക്കുന്നത്. ഇവിടെ വെച്ച് വേര്‍തിരിച്ച മാലിന്യം കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 'ഗ്രീൻ വോയ്സ്' എന്ന കമ്പനിയിലേക്കാണ് കയറ്റി അയക്കുന്നത്.
കഴിഞ്ഞ ഒന്നര മാസമായി സംഭരണ കേന്ദ്രത്തില്‍ കെട്ടിക്കിടന്ന പ്രളയ മാലിന്യങ്ങളാണ് കയറ്റി അയക്കാൻ തുടങ്ങിയിരിക്കുന്നത്. കഴിഞ്ഞ ദിവസം രണ്ട് ലോഡ് കയറ്റി മാലിന്യം കയറ്റി അയച്ചെന്നും ഈ മാസത്തോടെ മുഴുവനും കയറ്റി അയക്കാനാകുമെന്നും ഹരിതസേനാംഗങ്ങൾ പറഞ്ഞു. അതേസമയം വീടുകളില്‍ നിന്നും വ്യാപാര കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്ന തുച്ഛമായ തുക കൊണ്ടാണ് ഇവര്‍ക്ക് ശമ്പളം നല്‍കുന്നത്. വാഹന ചാർജടക്കം ഈ തുകയില്‍ നിന്ന് വേണം കണ്ടെത്താൻ. എന്നിരുന്നാലും പഞ്ചായത്തിനെ മാലിന്യ മുക്തമാക്കുന്ന മാതൃകാപദ്ധതിയിൽ പങ്കാളികളാകുന്നതിൽ സന്തോഷമുണ്ടെന്ന് ഹരിതസേനാ അംഗങ്ങൾ പറയുന്നു. പഞ്ചായത്തിന്റെ പ്ലാൻ ഫണ്ടിൽ നിന്നും പദ്ധതിക്ക് തുക ചെലവഴിക്കാൻ അനുമതി ലഭിച്ചിട്ടുണ്ടെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അറിയിച്ചു.