മലപ്പുറം: സിൽവർ ലൈനിനെതിരായ ജനകീയ പ്രതിഷേധത്തെ സർക്കാർ പരിഹസിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സർക്കാരിൻ്റെ പെരുമാറ്റം കോർപ്പറേറ്റുകളെപ്പോലെയാണ്. അലൈമെൻ്റ് മാറ്റത്തിലൂടെ പല വമ്പൻമാർക്കും ഇളവ് കിട്ടിയിട്ടുണ്ട്. അതെല്ലാം ഒന്നൊന്നായി പുറത്തുവരുമെന്നും വി.ഡി സതീശൻ മലപ്പുറം കോട്ടക്കലിൽ പറഞ്ഞു.
പാർട്ടി കോൺഗ്രസ് വരെ പ്രശ്‌നമുണ്ടാക്കേണ്ടന്ന തീരുമാനത്തിന്‍റെ ഭാഗമായാണ് സിൽവർലൈൻ കല്ലിടൽ നിർത്തിവെച്ചത്. ഭൂതകാലം മറന്ന് മുഖ്യമന്ത്രി പെരുമാറുകയാണ്. സിൽവർലൈൻ പദ്ധതിയെ കേരളം ഒരുമിച്ച് എതിർക്കുന്നു. ഇതിൽ എന്ത് വർഗീയതയാണുള്ളതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
റെയിൽ മന്ത്രി രാജ്യസഭയിൽ ഉയർത്തിയതും പ്രതിപക്ഷത്തിൻ്റെ അതേ ആശങ്കയാണ്. എന്തുവന്നാലും കെ-റെയിലിനെ പ്രതിപക്ഷം എതിർക്കും. ജപ്പാനിലെ സ്ക്രാപ്പ് ഇന്ത്യയിലേക്ക് കയറ്റി അയക്കാനാണ് ശ്രമമെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
സാങ്കേതിക വിദ്യ പോലും അവർ തീരുമാനിക്കുന്നു. പിണറായിക്കും പ്രധാനമന്ത്രിക്കും ഒരേ ശൈലിയാണ്. തന്നെ എതിർത്താൽ രാജ്യദ്രോഹിയെന്ന് പ്രധാനമന്ത്രിയും, ജനവിരുദ്ധൻ എന്ന് മുഖ്യമന്ത്രിയും പറയുന്നു.
തിരുവഞ്ചൂർ ഉന്നയിച്ചത് ആധികാരിക ആരോപണമാണ്. അലൈൻമെൻ്റ് മാറ്റിയത് ആർക്കുവേണ്ടിയെന്ന് വ്യക്തമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ALSO READ: K RAIL PROTEST | പ്രതിഷേധം ശക്തം; സംസ്ഥാനത്ത് കെ - റെയില്‍ സര്‍വേ നടപടികള്‍ നിർത്തി വച്ചു