മലപ്പുറം: കരുവാരക്കുണ്ട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ 60 വയസിന് മുകളിൽ പ്രായമുള്ളവർക്ക് മുൻകൂട്ടി രജിസ്റ്റർ ചെയ്യാതെ തന്നെ ഇനി കൊവിഡ് വാക്സിൻ സ്വീകരിക്കാം. ഫോൺ നമ്പറും, ആധാർ കാർഡും സഹിതം കൊണ്ട് വരുന്ന ആളുകൾക്ക് കേന്ദ്രത്തിൽ തന്നെ രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തിയതായി മെഡിക്കൽ ഓഫീസർ അറിയിച്ചു.
ഒമ്പത് മുതൽ 12 വരെ വാർഡുകളിലുള്ള 300ൽ പരം ആളുകളാണ് ശനിയാഴ്ച്ച വാക്‌സിൻ സ്വീകരിച്ചത്. കഴിഞ്ഞ മാസം മുതലാണ് കരുവാരക്കുണ്ട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ വാക്‌സിൻ വിതരണം ആരംഭിച്ചത്. 60 വയസിന് മുകളിൽ പ്രായമുള്ളവർക്കും, 45 വയസുകഴിഞ്ഞ അനുബന്ധ അസുഖങ്ങൾ ഉള്ളവർക്കും ആരോഗ്യ പ്രവർത്തകർക്കും സമൂഹവുമായി അടുത്ത് ഇടപഴകുന്നവർക്കുമാണ് ഇപ്പോൾ വാക്‌സിൻ നൽകുന്നത്. ഇതിന് അക്ഷയ കേന്ദ്രങ്ങൾ വഴിയോ മൊബൈൽ ആപ്പ് വഴിയോ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമായിരുന്നു. എന്നാൽ ആധാർ കാർഡുമായി വരുന്നവർക്ക് കേന്ദ്രത്തിൽ തന്നെ രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗകര്യമാണ് ഇപ്പോൾ സജ്ജമാക്കിയിരിക്കുന്നത്.