മലപ്പുറം: മലവെള്ളപ്പാച്ചിലിൽ നിലമ്പൂർ കനോലി പ്ലോട്ടിലെ തൂക്കുപാലം പൂർണ്ണമായി തകർന്നു. ഇന്ന് രാവിലെ 7.45 ഓടെയാണ് ചാലിയാറിന് കുറുകെ കനോലി പ്ലോട്ടിലേക്കുള്ള തൂക്കുപാലത്തിന് മുകളിലൂടെ മലവെള്ളപ്പാച്ചിൽ ഉണ്ടായത്. 2019 ഓഗസ്റ്റ് 8-ലെ പ്രളയത്തിൽ തൂക്കുപാലം തകർന്നിരുന്നു. അതിന്‍റെ അറ്റകുറ്റപണിക്കുള്ള നടപടി പൂർത്തിയായിരുന്നു. അടുത്ത മാസം പ്രവർത്തി ആരംഭിക്കാനിരിക്കെയാണ് തൂക്കുപാലം മുഴുവനായി തകർന്നത്.
2009-ലാണ് 175 മീറ്റർ നീളമുള്ള തൂക്കുപാലം യഥാർത്ഥ്യമായത്. സർക്കാർ ഏജൻസിയായ സിൽക്കിന്‍റെ കണ്ണൂർ യൂണിറ്റാണ് 37 ലക്ഷം രൂപ എസ്റ്റിമേറ്റിൽ തൂക്കുപാലം നിർമിച്ചത്. ഓരോ വർഷവും അറ്റകുറ്റപണി നടത്തിയിരുന്നു. തൂക്കുപാലം വഴി കനോലി പ്ലോട്ടിലേക്ക് വിനോദ സഞ്ചാരികൾ പോകുന്നതിലൂടെ ടിക്കറ്റ് വരുമാനത്തിലൂടെ ഒന്നര കോടിയോളം രൂപയാണ് ഓരോ വർഷവും വനം വകുപ്പിന് ലഭിച്ചുകൊണ്ടിരുന്നത്.
മലബാർ മേഖലയിൽ വനം വകുപ്പിന്‍റെ പ്രധാന ടൂറിസം കേന്ദ്രം കൂടിയാണ് കനോലി പ്ലോട്ട്. 2019 ഓഗസ്റ്റ് 8ന് ശേഷം ടൂറിസം കേന്ദ്രം അടച്ചിട്ടിരിക്കുകയായിരുന്നു. 66 ലക്ഷം രൂപയാണ് എസ്റ്റിമേറ്റ്. സിൽക്ക് തൂക്കുപാലത്തിന്‍റെ പ്രവർത്തി ആരംഭിക്കാനിരിക്കെയാണ് പാലം പൂർണ്ണമായി തകർന്നത്.