മലപ്പുറം: നാശത്തിന്‍റെ വക്കില്‍ നിന്നും പുഴയെ സംരക്ഷിക്കാനാന്‍ ഒരു ജലയാത്ര. തിരൂര്‍ പുഴയും റെയില്‍വേ സ്റ്റേഷന് സമീപത്തെ ജെട്ടിയം സജീവമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജലയാത്ര സംഘടിപ്പിക്കുന്നത്. ഉപയോഗിക്കുക അല്ലെങ്കിൽ ഉപേക്ഷിക്കുക എന്ന പ്രകൃതിയുടെ മഹത് വചനം പുഴയ്ക്കും ബാധകമാണ്. പുഴയുടെ നാശത്തിന് കാരണം പുഴയെ ഉപയോഗിക്കാത്തത് കൊണ്ട് ആണെന്നും ഈ ആശയം മുൻനിർത്തിയാണ് ജലയാത്ര സംഘടിപ്പിക്കുന്നതെന്നും സംഘാടകർ അറിയിച്ചു.
നല്ല ജീവനം പ്രസ്ഥാനത്തിന്‍റെ നേതൃത്വത്തിലാണ് തിരൂര്‍ ജലയാത്ര സംഘടിപ്പിക്കുന്നത്. ജൂലൈ മൂന്നിന് രാവിലെ ഏഴിന് തിരൂർ ബോട്ട് ജെട്ടിയിൽ നിന്ന് യാത്ര ആരംഭിക്കും. പൊന്നാനി പുഴ വഴി കനോലി കനാലിലൂടെയുള്ള യാത്ര വൈകിട്ട് ആറുമണിയോടെ ചാവക്കാട് എത്തിച്ചേരും. 20 പേരാണ് യാത്രയില്‍ പങ്കെടുക്കുന്നത്. പുഴയെ സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് പത്തോളം കടവുകളില്‍ ക്ലാസുകളും സംഘടിപ്പിക്കും.