മലപ്പുറം: ലോക്ക്ഡൗൺ നാളുകളിലും, നിലമ്പൂർ തേക്കിന് സ്വർണ്ണ തിളക്കം, നെടുങ്കയം ടിമ്പർ സെയിൽസ് ഡിപ്പോയിൽ 52 ലക്ഷം രൂപയുടെ തേക്കു തടികളാണ് ലേലത്തിൽ വിറ്റഴിച്ചത്, ലേലത്തിൽ 6 പേർ പങ്കെടുത്തു. ലേലത്തിന് വെച്ച 70 ലോട്ടുകളിൽ 16 ലോട്ടുകൾ ലേലത്തിൽ പോയി. ലോക്ക് ഡൗൺ പ്രതിസന്ധിയിലും 16 ലോട്ടുകൾ ലേലത്തിൽ പോയത് നിലമ്പൂർ തേക്കുകൾക്കുള്ള ഡിമാന്‍റ് തന്നെയാണ് കാണിക്കുന്നതെന്നും ഉയർന്ന വില ലഭിച്ചതായും പാലക്കാട് ടിമ്പർ സെയിൽസ് ഡിഎഫ്‌ഒ ജി ജയചന്ദ്രൻ പറഞ്ഞു.
പാലക്കാട് വാളയാറിൽ നടന്ന ലേലത്തിൽ 12 ലോട്ടുകൾ വിറ്റുപോയി. നികുതിയടക്കം 12.50 ലക്ഷം ലഭിച്ചു. ഈ മാസം 14-ന് നിലമ്പൂർ അരുവാക്കോട് സെൻട്രൽ ഡിപ്പോയിലും, 22, 29, തീയ്യതികളിൽ നെടുങ്കയം ടിമ്പർ സെയിൽസ് ഡിപ്പോയിലും വാളയാർ ടിമ്പർ സെയിൽസ് ഡിപ്പോയിലും ലേലം നടക്കും, തേക്കു തടികൾ ഡിപ്പോകളിൽ എത്തി കാണുന്നതിന് വ്യാപാരികൾ അടക്കമുള്ളവർക്ക് സൗകര്യമൊരുക്കും. പൊലീസുമായി ബന്ധപ്പെട്ട് മറ്റ് ജില്ലകളിൽ നിന്നുള്ളവർക്ക് പാസ് ലഭ്യമാക്കുമെന്നും ഡിഎഫ്ഒ പറഞ്ഞു.