കോഴിക്കോട് : ടിഗ് നിധി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ ധനകാര്യ സ്ഥാപനം 20 കോടിയോളം രൂപ നിക്ഷേപകരില്‍ നിന്ന് തട്ടിയെടുത്തതായി പരാതി. അഞ്ച് പേർക്കെതിരെ വഞ്ചനാക്കുറ്റത്തിന് നടക്കാവ് പൊലീസ് കേസെടുത്തു(Tig Nidhi Fraud Sis Banc ). ടി സിദ്ദിഖ് എം എൽ എയുടെ ഭാര്യ ഷറഫുന്നീസ കേസിലെ നാലാം പ്രതിയാണ്. കമ്പനിയിലെ പ്രധാന ജീവനക്കാരിയായിരുന്നു ഇവരെന്നാണ് വിവരം. നടക്കാവ് സ്വദേശിയായ നിക്ഷേപകയുടെ പരാതിയെ തുടർന്നാണ് കേസെടുത്തത്.
ഉന്നത രാഷ്ട്രീയ നേതാക്കളുമായുളള ബന്ധം പറഞ്ഞും നിക്ഷേപത്തിന്‍മേല്‍ ഉയര്‍ന്ന പലിശ വാഗ്‌ദാനം ചെയ്‌തുമായിരുന്നു തട്ടിപ്പെന്നാണ് പരാതിയിൽ പറയുന്നത്. കോഴിക്കോട് നടക്കാവ്, ചക്കോരത്തുകുളം ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചുവന്ന സ്ഥാപനമാണ് ടിഗ് നിധി ലിമിറ്റഡ് (Tig Nidhi Limited). സിസ് ബാങ്ക് എന്ന പേരിലായിരുന്നു ഓഫീസുകള്‍ തുറന്നത്. കോഴിക്കോട് മലപ്പുറം ജില്ലകളിലായി തുടങ്ങിയ വിവിധ ശാഖകള്‍ വഴി മൂവായിരത്തോളം പേരില്‍ നിന്നായി 20 കോടിയോളം രൂപ സ്ഥാപനം ചുരുങ്ങിയ കാലത്തിനിടെ സമാഹരിച്ചു (sis banc case).
സ്ഥിര നിക്ഷേപത്തിന്‍മേല്‍ 12 ശതമാനം വരെ പലിശ വാഗ്‌ദാനം ചെയ്‌ത് ആകര്‍ഷകമായ വ്യവസ്ഥകളോടെ നിത്യ നിക്ഷേപം സ്വീകരിച്ചുമായിരുന്നു ധനസമാഹരണം. കടലുണ്ടി സ്വദേശി വസീം തൊണ്ടിക്കോടന്‍ ഭാര്യ റാഹില ബാനു, ഫിറോസ് എന്നിവരായിരുന്നു കമ്പനിയുടെ പ്രധാന ചുമതലക്കാര്‍. ഒരാഴ്‌ചയായി സ്ഥാപനം തുറക്കാതെ വന്നതോടെയാണ് ജീവനക്കാരും നിക്ഷേപകരും പരാതിയുമായി രംഗത്തെത്തിയത്. സിദ്ദിഖ് ഉള്‍പ്പടെ പല കോണ്‍ഗ്രസ് നേതാക്കളുമായും വസീമിന് അടുത്ത ബന്ധം ഉണ്ടായിരുന്നെന്നും തന്‍റെ ഉന്നത ബന്ധങ്ങളുള്‍പ്പടെ പറഞ്ഞാണ് ഇയാള്‍ നിക്ഷേപം സമാഹരിച്ചിരുന്നതെന്നുമാണ് ജീവനക്കാരുടെ മൊഴി.
എന്നാല്‍ തന്‍റെ ഭാര്യ ഏതാനും മാസങ്ങള്‍ മാത്രമാണ് സ്ഥാപനത്തില്‍ ജോലി ചെയ്‌തതെന്നും മാനേജ്മെന്‍റുമായി ഒത്തുപോകാന്‍ കഴിയാത്ത സാഹചര്യത്തില്‍ രാജിവയ്ക്കുകയായിരുന്നെന്നും കേസ് രാഷ്ട്രീയ പ്രേരിതമാണെന്നുമാണ് എംഎൽഎ ടി സിദ്ദിഖിന്‍റെ പ്രതികരണം.
കാസർകോടും സമാന തട്ടിപ്പ് : ഒരു ലക്ഷം രൂപ നിക്ഷേപിക്കുന്നവര്‍ക്ക് പത്തുമാസം കൊണ്ട് എണ്‍പതിനായിരം രൂപ പലിശ നല്‍കാമെന്നറിയിച്ച് ജിബിജി നിധിയെന്ന സ്ഥാപനമാണ് കാസര്‍കോട്ട് വലിയ വെട്ടിപ്പ് നടത്തിയത്. വാഗ്‌ദാനം വിശ്വസിച്ച് നിരവധിപ്പേർ പലപ്പോഴായി തുക നിക്ഷേപിച്ചുവെങ്കിലും പലിശയോ മുതലോ തിരികെ കിട്ടാതെ വന്നതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്.