മലപ്പുറം: അരീക്കോട്ട് 40 കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ. മുതുവല്ലൂർ വിളയിൽ കുന്നത്ത് വീട്ടിൽ കെ.ഷിഹാബുദീൻ, വയനാട് വൈത്തിരി പെഴുതന നിവേദ്യം വീട്ടിൽ രഞ്ജിത്ത്, കുഴിമണ്ണ സ്വദേശി കുറ്റിക്കാട്ടിൽ വീട്ടിൽ ഇർഷാദ് എന്നിവരാണ് എക്സൈസിന്‍റെ പിടിയിലായത്.
വെള്ളിയാഴ്ച പുലർച്ചെ 3.30ന് മലപ്പുറം ഇന്‍റലിജൻസ് ബ്യൂറോയും എക്‌സൈസ് കമ്മീഷണറുടെ ഉത്തര മേഖലാ സ്ക്വാഡും മഞ്ചേരി എക്സൈസ് സർക്കിൾ പാർട്ടിയും സംയുക്തമായി നടത്തിയ ഓപ്പറേഷന്‍റെ ഭാഗമായുള്ള പരിശോധനയിലാണ് അരീക്കോട് ടൗണിൽ നിന്ന് പ്രതികളെ പിടികൂടിയത്. കഞ്ചാവ് പിക്കപ്പ് വാനിൽ കടത്തുകയായിരുന്നു പ്രതികൾ.
ALSO READ: കൈവശം വിവിധ രാജ്യങ്ങളുടെ സിം കാര്‍ഡുകള്‍ ; ചൈനീസ് പൗരൻ ബംഗ്ലാദേശ് അതിര്‍ത്തിയില്‍ പിടിയില്‍
ലോക്ക് ഡൗൺ സമയത്ത് ആന്ധ്രയിൽ നിന്ന് വൻതോതിൽ കഞ്ചാവ് ശേഖരിച്ച് അരീക്കോട്, വിളയിൽ, നീരുട്ടിക്കൽ, പള്ളിക്കൽ ബസാർ ഭാഗങ്ങൾ കേന്ദ്രീകരിച്ച് സംഘം കഞ്ചാവ് വിൽപന നടത്തുന്നതായി എക്സൈസിന്‍റെ ഷാഡോ സംഘത്തിന് വിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. സംഘത്തിൽ കൂടുതൽ പേരുണ്ടെന്നും അവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും എക്സൈസ് അധികൃതർ പറഞ്ഞു. രഞ്ജിത്ത് നൂറ് കിലോയിലധികം കഞ്ചാവ് കടത്തിയ കുറ്റത്തിന് വയനാട്ടിൽ നേരത്തെ പിടിയിലായിരുന്നു.