മലപ്പുറം: മലയാളികൾ ഏറെ നല്ലവർ, നന്ദി പറഞ്ഞ് ബംഗാളിലെ അതിഥി തൊഴിലാളികൾ സ്വന്തം നാട്ടിലേക്ക് മടങ്ങി. നിലമ്പൂർ ചക്കാലക്കുത്തിലെ സ്വകാര്യ വ്യക്തിയുടെ വാടക ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന പശ്ചിമ ബംഗാളിലെ നോദിയ സ്വദ്ദേശികളായ 28 പേരാണ് സ്വന്തം പണം നൽകി ടൂറിസ്റ്റ് ബസിൽ സ്വന്തം നാട്ടിലേക്ക് പോയത്. വ്യാഴാഴ്ച്ച രാത്രി 8.30തോടെ ചക്കാലക്കുത്തിൽ നിന്നും പുറപ്പെട്ട ബസ് 65 മണിക്കൂർ യാത്രക്ക് ശേഷം ഞായറാഴ്ച്ച 11 മണിയോടെ നോദിയയിൽ എത്തും. ഓരോത്തരും 7800 രൂപ വീതം ബസ് ചാർജായി നൽകി.
ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഒരു സഹായവും നൽകിയില്ലെന്നും തങ്ങളുടെ വീടുകളിൽ നിന്നും പണം അയച്ചു തന്നതുകൊണ്ടാണ് നാട്ടിലേക്ക് മടങ്ങാൻ കഴിയുന്നതെന്നും സംഘത്തിലെ അംഗമായ അബ്ദുറഹ്മാൻ പറഞ്ഞു. മലയാളികൾ ഏറെ സ്നേഹമുള്ളവരാണ് . ലോക്ക് ഡൗൺ നാളുകളിൽ ഭക്ഷ്യകിറ്റുകൾ കൃത്യമായി എത്തിച്ചു നൽകി. കഴിഞ്ഞ രണ്ട് മാസത്തെ വാടക ,കെട്ടിട ഉടമയായ ബിനോയി ഒഴിവാക്കി തന്നു.
കേരള സർക്കാർ അതിഥി തൊഴിലാളികളുടെ കാര്യത്തിൽ നല്ല ഇടപെടലുകൾ നടത്തിയതായും അബ്ദുറഹ്മാൻ പറഞ്ഞു. സാഗർ, ഇഖ്ബാൽ, അമീദുള്ള ,നസീർ സബ്ദാം ,ബഹദൂർ അഫ്ത്താർ അടക്കം സംഘാംഗങ്ങൾ മുഴുവനും നാട്ടിലേക്ക് മടങ്ങുന്നതിന്‍റെ സന്തോഷം പങ്കിട്ടു. കൊവിഡ് നാളുകളിൽ വീട്ടുകാർക്കൊപ്പം കഴിയും. എല്ലാം ശരിയായാൽ നിലമ്പൂരിലേക്ക് മടങ്ങിവരുമെന്നും ഇവർ പറഞ്ഞു. നാല് വർഷമായി ഇവർ നിലമ്പൂരിൽ ജോലി ചെയ്തു വരുകയായിരുന്നു.