മലപ്പുറം: കുറ്റിപ്പുറത്ത് കോളജ് അധ്യാപികയുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച മുൻ കോളജ് അധ്യാപകനെ പിടികൂടാനുള്ള ശ്രമങ്ങൾ ഊർജിതമാക്കി പൊലീസ്. മലപ്പുറം ജില്ലാ പൊലീസ് മേധാവി ഇടപെട്ടതോടെ കുറ്റിപ്പുറം സ്റ്റേഷനിൽ ഐ.ടി. ആക്ട് പ്രകാരം പുതിയ കേസ് രജിസ്റ്റർ ചെയ്തു. യുവതിയുടെ ആദ്യ പരാതി അന്വേഷിക്കാൻ നാർക്കോട്ടിക് ഡി.വൈ.എസ്.പിയെ ചുമതലപ്പെടുത്തിയതായും മലപ്പുറം എസ്.പി യു.അബ്ദുൾ കരീം പറഞ്ഞു. നഗ്നചിത്രങ്ങൾ വെബ് സൈറ്റുകളിലും സോഷ്യൽ മീഡിയയിലും വിലാസവും ഫോൺനമ്പറും സഹിതം പ്രചരിപ്പിച്ചെന്ന യുവതിയുടെ പരാതിയിലാണ് തൃശൂർ സ്വദേശിക്കെതിരെ കേസെടുത്തിരിക്കുന്നത്.
നിലവിൽ അജ്മാനിലെ വസ്ത്ര നിർമാണ യൂണിറ്റിൽ അഡ്മിനിസ്ട്രേഷൻ മാനേജറായി ജോലി ചെയ്യുന്ന കോട്ടോൽ വട്ടപ്പറമ്പിൽ മുഹമ്മദ് ഹാഫീസിനെ നാട്ടിലെത്തിച്ച് അറസ്റ്റുചെയ്യുന്നതിനുള്ള നടപടികൾ ഊർജിതമാക്കിയതായും മലപ്പുറം എസ്.പി.അറിയിച്ചു. കേസിൽ സൈബർ സെൽ തെളിവുകൾ ശേഖരിക്കുകയാണ്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് യുവതി നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നു. ആദ്യ പരാതിയുടെ അടിസ്ഥാനത്തിൽ യുവാവിനെതിരെ ബലാത്സംഗം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി കേസെടുത്തിരുന്നു. നാർക്കോട്ടിക് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലാണ് അന്വേഷണം. ആദ്യ കേസിൽ യുവതിയുടെ മൊഴി എടുത്തതായും എസ്.പി അറിയിച്ചു.