മലപ്പുറം: പ്രളയ ബാധിതരായ പലർക്കും സാങ്കേതിക കാരണങ്ങൾ നിരത്തി പഞ്ചായത്തും സർക്കാരും വീടും സ്ഥലവും നൽകുന്നില്ലെന്ന് കോൺഗ്രസ് ആരോപണം. റവന്യൂ വകുപ്പ് പ്രളയ നഷ്ട പരിഹാരവുമായി ബന്ധപ്പെട്ട് ശേഖരിച്ച ലിസ്റ്റ് പുറത്ത് വിടണമെന്ന് കോൺഗ്രസ് പോത്തുകൽ മണ്ഡലം കമ്മിറ്റി പ്രസിഡന്‍റ് സി.ആർ പ്രകാശ് ആവശ്യപ്പെട്ടു. സങ്കേതിക തടസങ്ങൾ ഉന്നയിച്ച് ആനുകൂല്യങ്ങളിൽ നിന്നും ഒഴിവാക്കുകയാണ്. കിടക്കുന്ന വീടുകൾക്ക് വാടക നൽകാൻ പോലും സാധിക്കുന്നില്ലെന്നും പ്രളയ ബാധിതർ പറഞ്ഞു.
അതേസമയം പഞ്ചായത്തിലെ പ്രളയ ബാധിതരായവർക്കായി നൂറോളം വീടുകൾ ഒരുങ്ങുകയാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കരുണാകരൻ പിള്ള അറിയിച്ചു. കവളപ്പാറ, പാതാർ ഉൾപ്പെടെ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായാണ് സന്നദ്ധ-മത സംഘടനകൂടാതെ വിവിധ സംഘടനകളുടെയും സഹായത്താൽ നൂറോളം വീടുകൾ ഒരുങ്ങുന്നത്. ഇതിൽ പല വീടുകളുടെയും നിർമാണം ആരംഭിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.