മലപ്പുറം: എടവണ്ണയിലെ ഭാഗ്യക്കുറി കടയില്‍ പൊലീസ് ചമഞ്ഞെത്തി പണം തട്ടി മുങ്ങിയ കേസില്‍ പ്രതികളെ തെളിവെടുപ്പിനെത്തിച്ചു. കാളികാവ് അടക്കാക്കുണ്ട് സ്വദേശികളായ വൈക്കം വീട്ടില്‍ ഷമീം(46), പുത്തന്‍ മാളിയേക്കല്‍ മുനീര്‍(36)എന്നിവരെയാണ് എടവണ്ണ സബ് ഇന്‍സ്‌പെക്ടര്‍ വി. വിജയ രാജന്‍റെ നേതൃത്വത്തില്‍ തെളിവെടുപ്പിനെത്തിച്ചത്.
കഴിഞ്ഞ മാസം 10-നാണ് കേസിനാസ്പദ സംഭവം. എടവണ്ണ ബസ്റ്റാന്‍ഡ് പരിസരത്തെ 'ലക്ഷ്മി' ഭാഗ്യക്കുറി കടയുടമയാണ് തട്ടിപ്പിനിരയായത്. സ്‌പെഷ്യല്‍ ബ്രാഞ്ച് വിഭാഗത്തിലെ പൊലീസാണെന്ന് ധരിപ്പിച്ച് കടയില്‍ പരിശോധന നടത്തിയ ഷമീം മേശവലിപ്പിലെ 30,000-രൂപയാണ് കൈക്കലാക്കിയത്. ഈ സമയം രണ്ടാം പ്രതി മുനീര്‍ കടയുടെ പുറത്ത് നിരീക്ഷണത്തിനായും നിലയുറപ്പിച്ചു. കടയുടമയുടെ മൊബൈല്‍ ഫോണും ഷമീം കൈക്കലാക്കി. ഉടമയോട് സ്‌റ്റേഷനിലേക്ക് വരാന്‍ നിര്‍ദേശിച്ച് ഓട്ടോറിക്ഷയില്‍ രക്ഷപ്പെട്ടു. മറ്റൊരു ഓട്ടോറിക്ഷയില്‍ മുനീറും രക്ഷപ്പെട്ടു.
പിന്നീട് ഇരുവരും വടപുറത്ത് നിന്നും വണ്ടൂര്‍ ഭാഗത്തേക്ക് പോകുന്നത് നിരീക്ഷണ ക്യാമറയില്‍ വ്യക്തമായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ വലയിലായത്. കടയുടമയുടെ മൊബൈല്‍ ഫോണ്‍ വണ്ടൂരിലെ സ്വകാര്യ ബാര്‍ ഹോട്ടലിന് സമീപത്തെ കിണറില്‍ നിന്നും നേരത്തെ പൊലീസ് കണ്ടെടുത്തിരുന്നു. തെളിവെടുപ്പ് പൂര്‍ത്തിയാക്കി വൈകിട്ടോടെ പ്രതികളെ കോടതിയില്‍ ഹാജരാക്കി.