മലപ്പുറം: തവനൂർ നിയോജക മണ്ഡലത്തിൽ ഇടത്-വലത് മുന്നണികൾ ശക്തമായ പ്രചാരണ പരിപാടികളുമായിട്ടാണ് മുന്നോട്ട് പോകുന്നത്. ഇടത് മുന്നണിയെ സംബന്ധിച്ചിടത്തോളം മണ്ഡലം നിലനിർത്തുക എന്നതും വലതിനെ സംബന്ധിച്ചിടത്തോളം മണ്ഡലം പിടിച്ചെടുക്കുക എന്നതുമാണ് ലക്ഷ്യം. ഇതിനായി ഇരുകൂട്ടരുടെയും നേതൃത്വത്തിൽ തവനൂർ നിയോജകമണ്ഡലത്തിൽ പ്രചാരണ പരിപാടികൾ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് തവനൂരിലെ ഇടത്-വലത് മുന്നണികളുടെ ശക്തരായ രണ്ട് സ്ഥാനാർഥികൾ തമ്മിൽ കണ്ടുമുട്ടിയത്.
പ്രചാരണ പരിപാടികൾക്കിടയിലാണ് എൽഎഡിഎഫ് സ്ഥാനാർഥി കെ.ടി. ജലീലും യുഡിഎഫ് സ്ഥാനാർഥി ഫിറോസ് കുന്നംപറമ്പിലും തമ്മിൽ കണ്ടുമുട്ടിയത്. തുടർന്ന് രണ്ട് സ്ഥാനാർഥികളും അങ്ങോട്ടും ഇങ്ങോട്ടും കൈകൊടുത്ത് കുശലാന്വേഷണം നടത്തിയ ശേഷമാണ് വീണ്ടും പ്രചാരണം ആരംഭിച്ചത്. കണ്ടുനിന്ന നാട്ടുകാർക്ക് ലഭിച്ചത് ഒരു കൗതുക കാഴ്‌ചയും.
ശക്തമായ മത്സരമാണ് തവനൂർ നിയോജക മണ്ഡലത്തിൽ യുഡിഎഫും എൽഡിഎഫും തമ്മിൽ നടക്കുന്നത്. മണ്ഡലം പിടിച്ചെടുക്കുക്ക എന്ന ലക്ഷ്യത്തോടെയാണ് ജീവകാരുണ്യ പ്രവർത്തകനായ ഫിറോസ് കുന്നംപറമ്പിലിനെ യുഡിഎഫ് മണ്ഡലത്തിൽ എത്തിച്ചത്. സർക്കാരിന്‍റെ വികസന നേട്ടങ്ങളും മണ്ഡലത്തിൽ താൻ ചെയ്‌ത വികസന പ്രവർത്തനങ്ങളും ജനങ്ങൾക്ക് മുന്നിലെത്തിച്ചുകൊണ്ടാണ് ജലീലിന്‍റെ വോട്ട് അഭ്യർഥന. രണ്ട് കൂട്ടരും തികഞ്ഞ പ്രതീക്ഷയിലുമാണ്.