മലപ്പുറം: തവനൂർ കൂരടയിലെ സെൻട്രൽ ജയിൽ സമുച്ചയത്തിന്റെ രണ്ടാംഘട്ട നിർമാണം ആരംഭിച്ചു. നിർമാണം പാതിവഴിയിൽ നിലച്ച പദ്ധതി പതിനാല് കോടി ചെലവിട്ടാണ് പൂർത്തിയാക്കുന്നത്. നാല് വർഷം മുമ്പാണ് ജയിൽ വകുപ്പിന്‍റെ എട്ട് ഏക്കർ ഭൂമിയിൽ കെട്ടിട നിർമാണം ആരംഭിച്ചത്. 17 കോടി ചെലവിൽ ചുറ്റുമതിലോടെ നിർമിച്ച കെട്ടിട സമുച്ചയത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതിനെ തുടർന്ന് പ്രവർത്തനം ആരംഭിക്കാനാകാതെ അടച്ചിടുകയായിരുന്നു. അടുക്കളയും ഓഫീസ് സമുച്ചയവും ഇല്ലാത്തതിനാൽ വീണ്ടും 14 കോടി അനുവദിച്ചാണ് രണ്ടാംഘട്ട നിർമാണം ആരംഭിച്ചത്.
മരാമത്ത് വകുപ്പിന്‍റെ നേതൃത്വത്തിലാണ് നിർമാണ ജോലികൾ പുരോഗമിക്കുന്നത്. നേരത്തേ 350 തടവുകാർക്കുള്ള സെല്ലുകളാണ് നിർമിച്ചത്. ഒരു നില മാത്രം പൂർത്തിയായ കെട്ടിടത്തിന് മുകളിൽ രണ്ട് നിലകൾ കൂടി നിർമിക്കും. ഇവയിലെല്ലാം തടവുകാരെ പാർപ്പിക്കാനുള്ള സെല്ലുകളാണ് ഉണ്ടാവുക. 1000 തടവുകാരെ പാർപ്പിക്കാൻ കഴിയുന്ന തരത്തിലാണ് ജയിൽ സമുച്ചയം ഒരുക്കുന്നത്. രണ്ട് വർഷത്തിനകം നിർമാണം പൂർത്തീകരിക്കാനാണ് കരാർ.