മലപ്പുറം: തവനൂര്‍ ഗവ. ആര്‍ട്‌സ് ആൻഡ് സയന്‍സ് കോളജ് കെട്ടിട നിര്‍മ്മാണോദ്ഘാടനം സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ നിര്‍വഹിച്ചു. ഉന്നത വിദ്യഭ്യാസ രംഗത്തെ മറ്റൊരു നേട്ടമാണ് തവനൂര്‍ ഗവണ്മെന്റ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജെന്ന് സ്പീക്കര്‍ പറഞ്ഞു. ഇക്കാലത്ത് ആര്‍ട്‌സ് ആന്റ് സയന്‍സ് വിഷയങ്ങളില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടുന്നവരെയാണ് ലോകം കാത്തിരിക്കുന്നത്. ടെക്‌നോനോളജി രംഗത്ത് പോലും ആര്‍ട്‌സ് വിഷയങ്ങളില്‍ ഉന്നത വിദ്യഭ്യാസം നേടിയവരെയാണ് ആവശ്യം. വിദ്യാഭ്യാസമാണ് നമ്മുടെ അടിത്തറ. സര്‍ക്കാര്‍ വിദ്യഭ്യാസ വകുപ്പ് വഴി നടപ്പാക്കുന്നത് യുവ തലമുറയുടെ നേട്ടങ്ങള്‍ക്കായുള്ള വിവിധ പദ്ധതികളാണെന്നും സ്പീക്കർ പറഞ്ഞു.
പുതിയ കെട്ടിടത്തിലേക്ക് മാറുന്ന വര്‍ഷത്തില്‍ തന്നെ കോളജിന് പുതിയ ബിരുദ-ബിരുദാനന്തര കോഴ്‌സുകള്‍ അനുവദിക്കുമെന്ന് മന്ത്രി കെ ടി ജലീല്‍ അറിയിച്ചു. ഒരു വര്‍ഷത്തിനകം കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു. ചടങ്ങില്‍ ഇ ടി മുഹമ്മദ് ബഷീര്‍ എംപി മുഖ്യാതിഥിയായി. കോഴിക്കോട് കോളജിയേറ്റ് എഡ്യുക്കേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എം ചിത്രലേഖ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മറവഞ്ചേരിയിലെ പ്രവാസി കൂട്ടായ്മയായ നിള ചാരിറ്റബിള്‍ ട്രസ്റ്റ് സൗജന്യമായി നല്‍കിയ അഞ്ച് ഏക്കര്‍ സ്ഥലത്താണ് കോളജ് കെട്ടിടം നിര്‍മിക്കുന്നത്. കിഫ്ബിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ അനുവദിച്ച 10 കോടി 25 ലക്ഷം രൂപയാണ് കെട്ടിട നിര്‍മ്മാണത്തിനായി ചിലവഴിക്കുന്നത്.