മലപ്പുറം: ചവിട്ടി നിര്‍മാണത്തില്‍ വിജയഗാഥ രചിച്ച് മുന്നേറുകയാണ് ചുങ്കത്തറ പള്ളിക്കുത്തിലെ ഒരു കൂട്ടം സ്ത്രീകള്‍. ഒമ്പത് വര്‍ഷം മുമ്പ് ചെറിയതോതില്‍ കുടില്‍ വ്യവസായമായി ആരംഭിച്ച 'രാജ് ഫ്ളോര്‍ മാറ്റ്' എന്ന ചവിട്ടി നിര്‍മാണ യൂണിറ്റ് ഇന്ന് 19-ത് സ്ത്രീകള്‍ക്ക് സ്ഥിരമായി ജോലി നല്‍കുന്ന കേന്ദ്രമാണ്. പള്ളിക്കുത്ത് സ്വദേശിയായ സിന്ധു ശ്രീരാജിന്‍റെ നേതൃത്വത്തിലാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. 2012 ല്‍ ഒരു തറി യന്ത്രം മാത്രം ഉപയോഗിച്ചാണ് സിന്ധു കേന്ദ്രം ആരംഭിച്ചത്. തിരുപ്പൂരിലെ തുണി മില്ലില്‍ നിന്നും അസംസ്‌കൃത വസ്‌തുക്കൾ എത്തിച്ചു. വീടുതോറും കയറിയിറങ്ങിയായിരുന്നു ആദ്യഘട്ടത്തില്‍ വില്‍പ്പന. വിജയകരമെന്ന് കണ്ടപ്പോള്‍ കൂടുതല്‍ തറി യന്ത്രങ്ങള്‍ വാങ്ങി ഏതാനും സ്ത്രീകള്‍ക്ക് ജോലി നല്‍കി. ഇപ്പോള്‍ 19 പേര്‍ക്ക് സ്ഥിരമായി ജോലി നല്‍കുന്ന കേന്ദ്രമായി മാറി.
300 രൂപ മുതല്‍ 700 രൂപവരെ നിത്യവരുമാനം നേടുന്നവരാണ് ഇവിടെയുള്ള സ്ത്രീ തൊഴിലാളികള്‍. നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന യൂണിറ്റിന് കുടുബശ്രീയില്‍ നിന്നുള്ള സഹായവും ലഭിക്കുന്നു. ഇങ്ങനെ ലഭിച്ച 570,000 ഉപയോഗിച്ച് നിര്‍മിച്ച പുതിയ കെട്ടിടത്തിലാണ് ഇപ്പോള്‍ യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. ഇതിന് പുറമെ നിരവധി പുരസ്കാരങ്ങളും പ്രവര്‍ത്തന മികവിന് അംഗീകാരമായി ഇവരെ തേടിയെത്തിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷത്തെ കുടുംബശ്രീ സംസ്ഥാന അവാര്‍ഡ് നേടിയ യൂണിറ്റിന് കെ വി വി എസ് ഏര്‍പ്പെടുത്തിയ ധനസഹായവും കേന്ദ്ര സര്‍ക്കാറിന്‍റെ ആര്‍ടിക്‌സ് കാര്‍ഡും നേടിയിട്ടുണ്ട്. അന്താരാഷ്ട്ര മേളകളില്‍ പങ്കെടുക്കാനും താമസം, ഭക്ഷണം അടക്കമുള്ള എല്ലാ ആനുകൂല്യങ്ങളും നേടിയെടുക്കാന്‍ ഉപകരിക്കുന്ന ആര്‍ടിക്‌സ് കാര്‍ഡ് യൂണിറ്റിലെ 19 പേര്‍ക്കും ലഭിച്ചിട്ടുണ്ട്. നിലവില്‍ ജില്ലയിലെ പ്രധാന വിപണന കേന്ദ്രങ്ങളിലെല്ലാം ഇവര്‍ നിര്‍മിക്കുന്ന ഉല്‍പന്നങ്ങള്‍ ലഭ്യമാണ്.