മലപ്പുറം: കൊവിഡ്-19 പശ്ചാത്തലത്തില്‍ ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതോടെ കര്‍ശന നടപടികളുമായി കലക്‌ടര്‍. പെട്രോള്‍ പമ്പുകളുടെ പ്രവര്‍ത്തന സമയവും ക്രമീകരിച്ചിട്ടുണ്ട്. സ്വകാര്യ വാഹനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ വൈകുന്നേരം 6 വരെ മാത്രമെ പമ്പുകളില്‍ നിന്നും ഇന്ധനം ലഭിക്കുകയുള്ളു . മറ്റ് അവശ്യ സര്‍വ്വീസുകള്‍ക്ക് പമ്പുകളുടെ സേവനം മുഴുവന്‍ സമയവും ലഭ്യമാവും. വൈറസ് വ്യാപനം തടയാന്‍ ജനകീയ പിന്തുണ വേണമെന്നും കലക്‌ടര്‍ ജാഫർ മാലിക് അറിയിച്ചു.
വിദേശങ്ങളില്‍ നിന്നെത്തി വീടുകളില്‍ നിര്‍ബന്ധിത നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശം ലഭിച്ചവര്‍ പൊതു സമ്പര്‍ക്കം പുലര്‍ത്തുന്നതു കണ്ടെത്തിയാല്‍ കേസ് രജിസ്റ്റര്‍ ചെയ്യും. ഇവരുടെ പാസ്‌പോര്‍ട്ട് കണ്ടു കെട്ടുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കും. ആരോഗ്യ ജാഗ്രതാ നിര്‍ദേശം ലംഘിച്ച് പുറത്തിറങ്ങുന്നവരുടെ വിവരങ്ങള്‍ 1077 എന്ന നമ്പറിലേക്ക് പൊതുജനങ്ങള്‍ക്ക് വിളിച്ചറിയിക്കാം. 9383464212 എന്ന വാട്‌സാപ്പ് നമ്പറിലേക്ക് ഫോട്ടോകളെടുത്തും അയക്കാം. ഇക്കാര്യത്തില്‍ ജില്ലാ ഭരണകൂടത്തെ സഹായിക്കുന്നവരെ നാടിന്‍റെ രക്ഷകരായി പ്രഖ്യാപിക്കുമെന്നും ജില്ലാ കലക്‌ടര്‍ പറഞ്ഞു. എന്നാല്‍ ഈ നമ്പറുകളിലേക്കു തെറ്റായ വിവരങ്ങള്‍ കൈമാറുന്നവര്‍ക്കെതിരെ നിയമ നടപടികളുണ്ടാവുമെന്ന് ജില്ലാ പൊലീസ് മേധാവി യു. അബ്‌ദുള്‍ കരീം അറിയിച്ചു.