മലപ്പുറം: ഫുട്ബോളിനോടുളള മലപ്പുറത്തുക്കാരുടെ സ്നേഹം വോട്ട് ആകുമെന്ന പ്രതീക്ഷയിൽ തെരഞ്ഞെടുപ്പ് ഗോദയിലേക്ക് സന്തോഷ് ട്രോഫി താരം കെ.പി സുബൈർ. പറപ്പൂർ പഞ്ചായത്തിലേക്ക് പതിനൊന്നാം വാർഡായ ആസാദ് നഗറിൽ നിന്ന് യു.ഡി.എഫ് മുസ്ലിം ലീഗ് സ്ഥാനാർഥിയായാണ് സുബൈർ ജനവിധി തേടുന്നത്.
പറപ്പൂർ ഐ.യു ഹൈസ്കൂൾ ടീമംഗമായി ഫുട്ബാൾ തട്ടിത്തുടങ്ങിയ സുബൈർ സന്തോഷ് ട്രോഫിയിൽ കേരളത്തിനായി രണ്ട് തവണ ബൂട്ടണിഞ്ഞിട്ടുണ്ട്. 2010ൽ കോയമ്പത്തൂരിലും 2011ൽ കൊൽക്കത്തയിലും നടന്ന സന്തോഷ് ട്രോഫിയിൽ സ്ട്രൈക്കറായിരുന്ന സുബൈർ രണ്ട് ടൂർണമെന്‍റുകളിലായി എട്ട് ഗോളുകൾ കേരളത്തിനായി നേടിയിട്ടുണ്ട്. ഈ ടൂർണമെന്‍റിലെ ഹാട്രിക് നേട്ടവും സുബൈറിന് സ്വന്തമാണ്.
കൊൽക്കത്ത മുഹമ്മദൻസ് ക്ലബ്ബ്, ഭവാനിപൂർ എഫ്.സി, ഐ.ടി.ഐ ബാംഗ്ലൂർ എന്നിവ ഉൾപ്പെടെ പ്രമുഖ ടീമുകൾക്ക് വേണ്ടി ജേഴ്‌സി അണിഞ്ഞിട്ടുള്ള സുബൈർ ഇന്ത്യയിലെ പ്രമുഖ താരങ്ങൾക്കൊപ്പം കളിച്ചിട്ടുണ്ട്. ശാരീരിക പ്രത്യേകതകൾ കാരണം ആംബ്രോസ് എന്ന പേരിലാണ് നാട്ടിലെ കായിക പ്രേമികൾക്കിടയിൽ സുബൈർ അറിയപ്പെടുന്നത്. കായിക മേഖലയുടെ വളർച്ച ഉന്നം വെച്ചാണ് മൽസര രംഗത്തിറങ്ങിയതെന്ന് സുബൈർ പറയുന്നു. പഞ്ചായത്തിന് സ്വന്തമായി സ്‌റ്റേഡിയം ഉണ്ടെങ്കിലും കഴിഞ്ഞ ഭരണ സമിതി കായിക മൽസരങ്ങൾ പോലും പ്രഹസനമാക്കിയതിന്‍റെ പ്രതിഷേധം കൂടിയാണ് തന്‍റെ സ്ഥാനാർഥിത്വമെന്ന് സുബൈർ പറഞ്ഞു. ഫുട്ബോൾ പരിശീലനം ഉൾപ്പെടെ പഞ്ചായത്തിലെ കായിക മേഖലയുടെ മുന്നേറ്റത്തിന് സുബൈറിന്‍റെ സാന്നിധ്യം മുതൽകൂട്ടാകുമെന്ന പ്രതീക്ഷയിലാണ് പറപ്പൂരിലെ കായിക പ്രേമികൾ.
മുസ്ലിം ലീഗിനെതിരെ കോൺഗ്രസ്- സിപിഎം കൂട്ട് കെട്ടിലായിരുന്നു കഴിഞ്ഞ തവണത്തെ പറപ്പൂർ പഞ്ചായത്ത് ഭരണം. എന്നാൽ ഇത്തവണ യുഡിഎഫിലെ ഭിന്നതകൾ മറന്ന് ഒറ്റക്കെട്ടായിട്ടാണ് മത്സരിക്കുന്നത്.