മലപ്പുറം: വർഷങ്ങളായി പൊട്ടിപ്പൊളിഞ്ഞ റോഡിൽ ദുരിതയാത്ര അനുഭവിക്കുകയാണ് അഞ്ചച്ചവിടി പൂച്ചപ്പൊയിൽ പുളിയംകല്ല് പ്രദേശത്തുകാർ. എന്നും ചെളിക്കുണ്ടിലും കിടങ്ങിലും യാത്ര ചെയ്യാനാണ് ഈ നാട്ടുകാരുടെ വിധി.
ഒരു നൂറ്റാണ്ടോളം മുമ്പ് മധുമല എസ്റ്റേറ്റിലേക്ക് വേണ്ടി നിർമ്മിച്ച റോഡാണ് ഇപ്പോൾ ചെളിക്കുണ്ടായി മാറിയിരിക്കുന്നത്. റോഡ് പഞ്ചായത്ത് ഏറ്റെടുത്തിട്ട് നാൽപ്പത് വർഷമായി. കാളികാവ് റോഡിൽ നിന്ന് തുടങ്ങി പൂച്ചപ്പൊയിൽ പുളിയം കല്ല് വഴി പൂങ്ങോട് റോഡു വരെ അഞ്ചു കിലോമീറ്ററാണ് റോഡിൻ്റെ ദൂരം.
പഞ്ചായത്ത് ഏറ്റെടുത്തിട്ട് ടാറിങ് നടത്തി എന്നല്ലാതെ യാതൊരു വികസന പ്രവർത്തനവും ഈ റോഡിൽ നടത്തിയിട്ടില്ല. കഴിഞ്ഞ പതിനഞ്ചു വർഷമായി ഇരുപതോളം സ്ഥലത്ത് പൈപ്പ് പൊട്ടി റോഡ് തകരുകയും ചെയ്തിട്ടുണ്ട്. അഴുക്കുചാലില്ലാത്തതിനാൽ മഴവെള്ളം റോഡിലൂടെയാണ് ഒഴുകുന്നത്. മഴ പെയ്താൽ കാൽനട യാത്ര പോലും സാധ്യമല്ല.
ALSO READ: സംവരണ സ്‌കോളർഷിപ്പ്: ലീഗ് നിലപാട് സിപിഎം വളച്ചൊടിച്ചെന്ന് കുഞ്ഞാലിക്കുട്ടി
ഇപ്പോൾ അഴുക്കുചാലിനു വേണ്ടി ജെ.സി.ബി ഉപയോഗിച്ച് ചാലുകീറിയതോടെ സമീപവാസികളുടെ സ്ഥലം ഇടിയുകയും യാത്ര ഏറെ ദുരിതമാവുകയും ചെയ്തിട്ടുണ്ട്. റോഡിൻ്റെ തുടക്ക ഭാഗത്ത് തീരെ വീതിയില്ലാത്തതും വികസന പ്രവർത്തനത്തിന് തടസം നേരിടുകയാണ്.
റോഡ് പൊതുമരാമത്ത് ഏറ്റെടുത്ത് വീതിയില്ലാത്ത സ്ഥലത്ത് വീതി കൂട്ടുകയും അഴുക്കുചാൽ നിർമ്മിക്കുകയും ചെയ്യണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. ഈ ആവശ്യം സാധ്യമാക്കുന്നതിന് നാട്ടുകാർ മുൻകയ്യെടുത്ത് വികസന സമിതി രൂപീകരിച്ച് പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.