മലപ്പുറം: സമൂഹ മാധ്യമങ്ങൾ വഴി പരിചയപ്പെട്ട് പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന സംഘം പിടിയില്‍. കഴിഞ്ഞ ദിവസം നഗരത്തിൽ നിന്ന് അസ്വാഭാവിക രീതിയിൽ മൂന്ന് യുവാക്കളെയും ഒരു പെൺകുട്ടിയെയും പൊലീസ് സംഘം കണ്ടെത്തി ചോദ്യം ചെയ്‌തതിൽ നിന്നാണ് സംഭവം പുറത്ത് വരുന്നത്.
മമ്പുറം ഭാഗത്ത് നിന്നും വൺവേ തെറ്റിച്ചെത്തിയ ഓൾട്ടോ കാർ തടഞ്ഞുനിർത്തി ചോദ്യം ചെയ്യുകയായിരുന്നു പൊലീസ്. കാറിൽ മൂന്ന് യുവാക്കളും പർദ്ദധാരിയായ ഒരു പെൺകുട്ടിയുമാണ് ഉണ്ടായിരുന്നത്. കാസർകോട് സ്വദേശികളാണ് മൂന്ന് യുവാക്കളും. മലപ്പുറം ജില്ലയിൽ എത്തിയതിനെക്കുറിച്ച് പൊലീസ് ചോദിച്ചപ്പോൾ പരസ്‌പര വിരുദ്ധ മറുപടികളായിരുന്നു ഇവരിൽ നിന്നും ലഭിച്ചത്.
തുടർന്ന് നാല് പേരെയും കസ്റ്റഡിയിലെടുത്ത പൊലീസ് ഇവരെ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുകയായിരുന്നു. മുഹമ്മദ് നിയാസ് (22), മുഹമ്മദ് ഷാഹിദ് (20), അബു താഹിർ (19) എന്നിവരാണ് പൊലീസ് പിടിയിലായത്. ചോദ്യം ചെയ്യലിൽ നിന്നും കുണ്ടൂർ സ്വദേശിനിയായ പതിനേഴ് വയസുകാരിയുമായി നിയാസ് ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടതാണെന്ന് വ്യക്തമായി.
നിയാസിന്‍റെ ഫോൺ പരിശോധിച്ച പൊലീസ് ഇവർ ഒന്നിച്ചുള്ള ചിത്രങ്ങളും കണ്ടെടുത്തിട്ടുണ്ട്. കുട്ടി പ്ലസ് ടു വിദ്യാർഥിനിയാണ്.
Also Read: പതിനഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമം: തലശ്ശേരിയിലെ വ്യവസായ പ്രമുഖൻ അറസ്റ്റിൽ
അയൽവാസിയും ബന്ധുവുമായ മറ്റൊരു പെൺകുട്ടിയുടെ ഫോൺ ഉപയോഗിച്ചാണ് താൻ ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നതെന്നും ഉമ്മയുടെ ഫോൺ ഉപയോഗിച്ച് നിയാസിനെ വീഡിയോ കോൾ ചെയ്യാറുണ്ടെന്നും കുട്ടി മൊഴി നൽകി.
സംഭവം ഇങ്ങനെ...
തിങ്കളാഴ്‌ച വീടിന് സമീപത്തെത്തി വിളിക്കുമെന്നും ഇറങ്ങി വരണമെന്നുമുള്ള നിർദേശം നിയാസ് പെൺകുട്ടിക്ക് നൽകിയിരുന്നു. ഇതിനെ തുടർന്ന് സ്ഥലത്തെത്തിയ നിയാസ് വിളിച്ചപ്പോൾ സുഹൃത്തിന്‍റെ വീട്ടിൽ പോവുകയാണ് എന്ന് പറഞ്ഞ് പെൺകുട്ടി നിയാസിന്‍റെയും സുഹൃത്തുക്കളുടെയും കൂടെ പോവുകയായിരുന്നു. ചെമ്മാടിലുള്ള ഒരു ഹോട്ടലിൽ മുറിയെടുത്തിട്ടുണ്ട് എന്ന് പറഞ്ഞായിരുന്നു സംഘം കുട്ടിയെ കാറിൽ കയറ്റി കൊണ്ടുപോയത്.
ഓടുന്ന കാറിൽ വച്ച് നിയാസ് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്നും കുട്ടി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇത്തരത്തിൽ വരുമ്പോളാണ് സംഘത്തെ പൊലീസ് തടയുന്നതും ചോദ്യം ചെയ്യുന്നതും. തുടർന്ന്, പൊലീസ് പെൺകുട്ടിയുടെ വീട്ടുകാരെ വിവരം അറിയിച്ചു. കുട്ടിയുടെ മാതാവിന്‍റെ സാന്നിധ്യത്തിൽ ഇക്കാര്യങ്ങൾ മൊഴിയായി രേഖപ്പെടുത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.
ബന്ധങ്ങൾ മറ്റ് ജില്ലകളിലും
പൊലീസ് അന്വേഷണത്തിൽ നിന്നും രണ്ടാം പ്രതി ഷാഹിദ് ചമ്രവട്ടം സ്വദേശിനിയായ പെൺകുട്ടിയുമായി ഷെയർ ചാറ്റിലൂടെയും മൂന്നാം പ്രതി അബു താഹിർ ഈശ്വരമംഗലം സ്വദേശിനിയായ പ്ലസ് ടു വിദ്യാർഥിനിയുമായി ഇൻസ്റ്റഗ്രാമിലൂടെയും ബന്ധം പുലർത്തി വരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.