മലപ്പുറം: തനിക്കെതിരായ അഴിമതി ആരോപണം തെളിയിക്കാൻ കോൺഗ്രസിനെ വെല്ലുവിളിച്ച് പി.വി.അൻവർ എംഎൽഎ. റീബിൽഡ് നിലമ്പൂരിന്റെ മറവിൽ വിദേശത്തും സ്വദേശത്തും പി.വി.അൻവർ എംഎൽഎ വ്യാപക പിരിവ് നടത്തിയെന്ന ആര്യാടൻ ഷൗക്കത്തിന്‍റെ ആരോപണത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
റീബിൽഡ് നിലമ്പൂർ സർക്കാറിന്‍റെ നിയന്ത്രണത്തിലല്ലെന്ന കലക്ടറുടെ പ്രഖ്യാപനം കോൺഗ്രസ് ഏറ്റുപിടിച്ചതിനെയും എംഎൽഎ പരിഹസിച്ചു. റീബിൽഡ് കേരള മാത്രമാണ് സർക്കാറിന് കീഴിലുള്ളത്. റീബിൽഡ് നിലമ്പൂർ എന്നത് ജനകീയ സമിതിയാണ്. പ്രളയബാധിതർക്ക് സ്ഥലവും പണവും നൽകുന്നത് നല്ലവരായ ജനങ്ങളാണെന്നും പി.വി.അൻവര്‍ പറഞ്ഞു.
റീബിൽഡ് നിലമ്പൂരിന് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടക്കര ശാഖയിൽ ജോയിന്റ് അക്കൗണ്ടാണുള്ളത്. ഇതിലൂടെ സ്വീകരിച്ച പണത്തിന്‍റെ വ്യക്തമായ കണക്ക് പുറത്ത് വിട്ടിട്ടുണ്ടെന്നും ആർക്കും പരിശോധിക്കാവുന്നതാണെന്നും പി.വി.അൻവർ എംഎൽഎ പറഞ്ഞു.