മലപ്പുറം: ചെറിയ ഇടവേളക്ക് ശേഷം പികെ കുഞ്ഞാലിക്കുട്ടി കേരള നിയമസഭയിലേക്ക്. എംഎസ്‌എഫിലൂടെ വിദ്യാർഥി രാഷ്ട്രീയത്തിലെത്തിയ കുഞ്ഞാലിക്കുട്ടി 27-ാം വയസില്‍ മലപ്പുറം നഗരസഭാ ചെയർമാനായതോടെയാണ് സംസ്ഥാന രാഷ്ട്രീയത്തില്‍ ശ്രദ്ധ നേടുന്നത്.
1982ല്‍ മലപ്പുറം മണ്ഡലത്തില്‍ നിന്ന് ജയിച്ച് ആദ്യമായി നിയമസഭയിലെത്തി. 1987ലും മലപ്പുറത്തെ പ്രതിനിധീകരിച്ചു. 1991ല്‍ മണ്ഡലം മാറി കുറ്റിപ്പുറത്തെത്തി. 1996ലും 2001ലും കുറ്റിപ്പുറത്ത് നിന്ന് ജയിച്ച പികെ കുഞ്ഞാലിക്കുട്ടി ലീഗിന്‍റെ ദേശീയ നേതാവായി. വ്യവസായ മന്ത്രിയായി കേരളത്തിന്‍റെ വികസന ഭൂപടത്തില്‍ നിർണായക മാറ്റങ്ങൾക്ക് വഴി തെളിച്ച കുഞ്ഞാലിക്കുട്ടി 2006ല്‍ കുറ്റിപ്പുറത്ത് ആദ്യമായി പരാജയമറിഞ്ഞു. 2011ല്‍ മുസ്ലീലീഗിന്‍റെ പൊന്നാപുരം കോട്ടയായ വേങ്ങരയിലേക്ക് കുഞ്ഞാലിക്കുട്ടി കളം മാറ്റിച്ചവിട്ടി.
2016ലും വേങ്ങരയില്‍ കുഞ്ഞാപ്പ ജയിച്ചുകയറി. പക്ഷേ 2017ല്‍ ഇ അഹമ്മദ് മരിച്ചതിനെ തുടർന്ന് മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് കുഞ്ഞാലിക്കുട്ടി ആദ്യമായി ലോക്‌സഭയിലെത്തി. 2019ല്‍ വീണ്ടും ലോക്‌സഭയിലേക്ക് ജയിച്ചെങ്കിലും നിയമസഭയിലേക്ക് മത്സരിക്കാൻ എംപി സ്ഥാനം രാജിവെച്ചു. ഇത്തവണ വീണ്ടും വേങ്ങരയില്‍ നിന്ന് ജയിച്ച ലീഗിന്‍റെ സ്വന്തം കുഞ്ഞാപ്പ വീണ്ടും കേരള രാഷ്ട്രീയത്തില്‍ സജീവമാകും.