മലപ്പുറം: ജില്ലയിൽ പുതുതായി കൊവിഡ് സ്ഥിരീകരിച്ച 37 പേരിൽ സമ്പര്‍ക്കത്തിലൂടെ രോഗം പകർന്നത് ഒരാൾക്ക് മാത്രം. ജൂണ്‍ 28ന് രോഗബാധ സ്ഥിരീകരിച്ച എടപ്പാള്‍ ആശുപത്രിയിലെ ശിശുരോഗ വിദഗ്‌ധനുമായി സമ്പർക്കമുണ്ടായ വട്ടംകുളത്തുള്ള ഒമ്പത് വയസുകാരനാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്. അതേ സമയം ജില്ലയിലെ കണ്ടെയ്‌ന്‍മെന്‍റ് സോണുകളിലെ നിയന്ത്രണം തുടരുകയാണ്.
പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ 32 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും നാല് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ബെംഗളൂരുവിൽ നിന്നെത്തിയ മൂന്ന് പേർക്കും ചെന്നൈയിൽ നിന്നെത്തിയ ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. മഞ്ചേരിയിൽ കൊവിഡ് നിരീക്ഷണത്തിലിരുന്ന വണ്ടൂർ ചോക്കാട് സ്വദേശി മുഹമ്മദ് മരിച്ചു. അർബുദത്തിന് ചികിത്സയിലായിരുന്ന ഇയാളെ കഴിഞ്ഞ മാസം 29ന് റിയാദിൽ നിന്നെത്തി ക്വാറന്‍റൈനിൽ തുടരുന്നതിനിടെയാണ് പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുമ്പ് പരിശോധനക്കയച്ച സാമ്പിളിന്‍റെ പരിശോധനാഫലം അനുസരിച്ചാകും തുടർ നടപടികൾ സ്വീകരിക്കുക.
അതേ സമയം ജില്ലയിൽ ആറ് പേര്‍ കൂടി രോഗമുക്തരായി. മുമ്പ് കൊവിഡ് സ്ഥിരീകരിച്ച ചീക്കോട് സ്വദേശിയായ യുവാവിന്‍റെ സമ്പർക്ക പട്ടിക ജില്ലാ ഭരണകൂടം പുറത്ത് വിട്ടു. ഇയാൾ ക്വാറന്‍റൈൻ ലംഘിച്ച് മൊബൈൽ ഷോപ്പുകൾ, ബാർബർ ഷോപ്പ് ഉൾപ്പടെയുള്ള സ്ഥലങ്ങൾ സന്ദർശിച്ചിരുന്നു. ആരോഗ്യവകുപ്പ് ഈ കടകളല്ലാം അടച്ചിരുന്നു. ജില്ലയിൽ നിലവിൽ 277 പേരാണ് കൊവിഡ് ചികിത്സയിലുള്ളത്. ജില്ലയില്‍ ഇതുവരെ 635 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ജില്ലയിൽ സമൂഹവ്യാപന സാധ്യത നിലനിൽക്കുന്ന പൊന്നാനി താലൂക്കിൽ 1500 പേരെ റാൻഡം പരിശോധനക്ക് വിധേയമാക്കി. രോഗവ്യാപനം കണ്ടെത്താൻ 9000 പേരിൽ ആന്‍റിജൻ പരിശോധനയും ആരംഭിച്ചു. ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടുള്ള പൊന്നാനി താലൂക്കിലും താനൂർ നഗരസഭയിലും കനത്ത നിയന്ത്രണങ്ങളാണ് തുടരുന്നത്.