മലപ്പുറം: കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌ത സാഹചര്യത്തിൽ കണ്ടയ്‌ൻമെന്‍റ് സോണായി പ്രഖ്യാപിച്ച നിലമ്പൂർ ടൗൺ വിജനമായി. ബുധനാഴ്‌ച ഉച്ചവരെ മാത്രമാണ് വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിച്ചത്. കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയർന്നതിനാലാണ് നഗരസഭയെ കണ്ടയ്‌ൻമെന്‍റ് സോണാക്കി മാറ്റിയത്. രാവിലെ ഏഴ് മുതൽ ഉച്ചക്ക് ഒന്ന് വരെ മാത്രമാണ് വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിച്ചത്.
നിലമ്പൂർ ടൗണിന് പുറമെ ചന്തക്കുന്ന്, റയിൽവെ സ്റ്റേഷൻ, മുക്കട്ട, വല്ലപ്പുഴ, കരിമ്പുഴ, ചക്കാലക്കുത്ത് തുടങ്ങിയ ചെറുകിട ടൗണുകളും ഉൾഗ്രാമ കവലകളിലെ വ്യാപാര സ്ഥാപനങ്ങളും ഉച്ചയോടെ ഷട്ടർ താഴ്ത്തി. മെഡിക്കൽ ഷോപ്പുകൾ മാത്രമാണ് ഉച്ചക്ക് ശേഷം പ്രവർത്തിച്ചത്. താത്കാലിക നിരോധനം ഉള്ളതിനാൽ മത്സ്യ മാംസ മാർക്കറ്റുകളും തെരുവ് കച്ചവടങ്ങളും ബുധനാഴ്‌ച പ്രവർത്തിച്ചില്ല. ഓട്ടോ ടാക്‌സിയും സ്വകാര്യ ബസും ഇരു ചക്ര വാഹനങ്ങളും ദീർഘ ദൂര ചരക്ക് വാഹനങ്ങളും നിരത്തിലിറങ്ങി.
ബുധനാഴ്‌ച മൂന്ന് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 18 ന് തുടങ്ങിയ ആൻ്റിജൻ പരിശോധനയിൽ 766 പേരെ പരിശോധനക്ക് വിധേയമാക്കിയപ്പോൾ 23 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. വിവിധ വിഭാഗങ്ങളിലായി 500 പേരെ പരിശോധന നടത്താനായിരുന്നു ആദ്യ ഘട്ടത്തിൽ തീരുമാനം. എന്നാൽ ചെവാഴ്‌ച ഉച്ചക്ക് മുമ്പ് തന്നെ മത്സ്യ വ്യാപാരികളടക്കം 11 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ മത്സ്യ വ്യാപാരികൾക്ക് പ്രാമുഖ്യം നൽകി കിറ്റ് തീരുന്നത് വരെ പരിശോധന തുടരാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: സക്കീന നിർദ്ദേശം നൽകി. ചൊവാഴ്‌ച മാത്രം 19 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. നിലമ്പൂർ നഗരസഭാ പരിധിയിൽ ഇതുവരെ 29 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.