മലപ്പുറം: സുഹൃത്തുക്കൾക്കൊപ്പം ചാലിയാർ പുഴയില്‍ കുളിക്കാനിറങ്ങിയ നേപ്പാൾ സ്വദേശി ഒഴുക്കില്‍പ്പെട്ട് മരിച്ചു. കമാല്‍ ബഹദൂർ മഹദ് (46) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 8.30ഓടെ ചാലിയാറില്‍ മമ്പാട് ടാണ കടവിലായിരുന്നു അപകടം.
തൃശൂർ ഭാഗത്തായി ജോലി ചെയ്തിരുന്ന ഇയാൾ കഴിഞ്ഞ ആഴ്ചയാണ് ടാണയില്‍ സ്വകാര്യ ഫാമില്‍ ജോലി ചെയ്യുന്ന സുഹൃത്തുക്കളെ കാണാൻ എത്തിയത്. ഞായറാഴ്ച പുലർച്ചെ മടങ്ങാൻ തീരുമാനിച്ചെങ്കിലും ബസ് കിട്ടാത്തതിനെ തുടർന്ന് തിരിച്ചെത്തുകയായിരുന്നു. പുഴയില്‍ സുഹൃത്തുകൾക്കെപ്പം കുളിക്കാനിറങ്ങി ഒഴുക്കില്‍പ്പെട്ട ഇയാളെ ഉടൻ നാട്ടുകാർ തെരച്ചില്‍ നടത്തി കണ്ടെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.