മലപ്പുറം: ചരിത്ര പ്രസിദ്ധമായ തൃക്കളയൂർ ശ്രീ മഹാദേവ ക്ഷേത്ര പരിസരത്ത് കൈലാസത്തിന്‍റെ മാതൃകയൊരുക്കി നാല് യുവാക്കള്‍. തൃക്കളയൂർ സ്വദേശിക്കളായ ശ്രീധരൻ എന്ന കുട്ടൻ, സുകുമാരൻ, സുരേഷ്, സബിൻ കുമാർ എന്നിവര്‍ ചേര്‍ന്നാണ് ക്ഷേത്രപരിസരത്ത് കൈലാസ മാതൃക നിര്‍മ്മിച്ചത്. ക്ഷേത്രത്തിന്‍റെ മൂന്ന് സെന്‍റ് ഭൂമിയില്‍ ദേവസ്വം ബോര്‍ഡ് അനുമതിയോട് കൂടിയാണ് ശില്‍പം നിര്‍മ്മിച്ചത്.
ശിവൻ, പാർവതി ദേവി, നന്ദി കേശൻ എന്ന കാള, ശംഖ് എന്നിവയാണ് കലാകാരന്മാർ നിർമ്മിച്ച ഈ കൈലാസത്തിന്‍റെ മാതൃകയിൽ ഉൾപ്പെട്ടിട്ടുള്ളത്. ഇതില്‍ ശിവപ്രതിമയ്‌ക്ക് ആറടിയോളവും പാര്‍വതി പ്രതിമ അഞ്ചടിയോളം ഉയരത്തിലുമാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഏകദേശം രണ്ടര ലക്ഷം രൂപ ചെലവിട്ടായിരുന്നു കൈലാസ മാതൃകയുടെ നിര്‍മാണം.
രണ്ട് മാസം കൊണ്ട് പൂര്‍ണമായും സിമന്‍റ്, മണല്‍, കമ്പി എന്നിവ ഉപയോഗിച്ചാണ് ശില്‍പ്പത്തിന്‍റെ പണികള്‍ പൂര്‍ത്തിയാക്കിയതെന്ന് കലാകാരനായ കുട്ടന്‍ പറഞ്ഞു. നിർമ്മാണം പൂർത്തിയാക്കിയ കൈലാസ മാതൃക തൃക്കളയൂർ ശ്രീ മഹാദേവ ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾക്ക് കൈമാറിയിട്ടുണ്ട്. നിലവില്‍ നിരവധി ആളുകളാണ് ഇവയുടെ ചിത്രങ്ങളെടുക്കാനും മറ്റും ക്ഷേത്രപരിസരത്തേക്ക് എത്തുന്നത്.