മലപ്പുറം : പെരിന്തല്‍മണ്ണ നിയമസഭ തെരഞ്ഞെടുപ്പിലെ കാണാതായ തപാല്‍ വോട്ടുപെട്ടി കണ്ടെത്തി. ജില്ല സഹകരണ രജിസ്‌ട്രാറുടെ മലപ്പുറത്തെ ഓഫിസില്‍ നിന്നാണ് പെട്ടി കണ്ടെത്തിയത്. തര്‍ക്കത്തെ തുടര്‍ന്ന് എണ്ണാതെ പെരിന്തല്‍മണ്ണ സബ് ട്രഷറിയില്‍ സൂക്ഷിച്ചിരുന്ന സ്‌പെഷ്യല്‍ തപാൽ വോട്ടുപെട്ടികളില്‍ ഒന്നാണിത്.
വോട്ടുപെട്ടികള്‍ ഹൈക്കോടതിയുടെ സംരക്ഷണയിലാക്കണമെന്ന, സ്ഥാനാര്‍ഥിയായിരുന്ന കെപിഎം മുസ്‌തഫയുടെ ആവശ്യം അംഗീകരിച്ചതിനെ തുടര്‍ന്ന് അവ മാറ്റാന്‍ ഉദ്യോഗസ്ഥരെത്തിയപ്പോഴാണ് മൂന്ന് പെട്ടികളില്‍ ഒന്ന് നഷ്‌ടപ്പെട്ടതായി കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പെട്ടി കണ്ടെത്തിയത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ വെറും 38 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ഥി നജീബ് കാന്തപുരം വിജയിച്ചത്.
സാങ്കേതിക പിഴവുകള്‍ ചൂണ്ടിക്കാട്ടി 348 സ്പെഷ്യല്‍ തപാല്‍ വോട്ടുകള്‍ എണ്ണാതെ അസാധുവാക്കിയിരുന്നു. ഇതേ തുടര്‍ന്ന്, സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് എതിര്‍ സ്ഥാനാര്‍ഥിയായ കെപിഎം മുസ്‌തഫ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പെട്ടി എങ്ങനെയാണ് രജിസ്ട്രാറുടെ ഓഫിസിലെത്തിയതെന്നതില്‍ ദുരൂഹത തുടരുകയാണ്.
സംഭവത്തില്‍ പ്രതിഷേധവുമായെത്തി രജിസ്‌ട്രാര്‍ ഓഫിസ് ഉപരോധിച്ച യൂത്ത് ലീഗ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റുചെയ്‌ത് നീക്കി.