മലപ്പുറം: പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി മലപ്പുറം കോട്ടക്കുന്നിൽ വിപുലമായ വിനോദ വിപണന മേള സംഘടിപ്പിച്ച് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസില്‍. ഡിസംബർ 28ന് മുതല്‍ കോട്ടക്കുന്ന് ടൂറിസം പാർക്കിൽ വെച്ച് നടക്കുന്ന മേള ജനുവരി 5ന് അവസാനിക്കും. വിവിധ സർക്കാർ വകുപ്പുകളും കുടുംബശ്രീ ഉൾപ്പെടെയുള്ള ഏജൻസികളും ചേർന്ന് സംയുക്തമായാണ് മേള സംഘടിപ്പിക്കുന്നത്. മേളയുടെ ഭാഗമായി കേരളത്തിലെ പ്രമുഖ കലാകാരന്മാർ പങ്കെടുക്കുന്ന വിവിധ കലാപരിപാടികളും സ്‌കൂൾ വിദ്യാർഥികള്‍ അവതരിപ്പിക്കുന്ന സാംസ്കാരിക കലാപരിപാടികളും മേളയിൽ അരങ്ങേറും.
കുടുംബശ്രീ, വിവിധ സർക്കാർ വകുപ്പുകൾ, ചെറുകിട വ്യവസായ സംരംഭങ്ങളുടെ സ്റ്റാളുകളടക്കം 75 സ്റ്റാളുകൾ ഇത്തവണ മേളയിലുണ്ടാവും. മേളയോടനുബന്ധിച്ച് ഭക്ഷ്യ മേളയും സംഘടിപ്പിക്കുന്നുണ്ട്. മേളയുടെ പ്രാരംഭ ചർച്ച കലക്ട്രേറ്റിൽ ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്നു. മേള പൂർണമായും ഗ്രീൻ പ്രോട്ടോക്കോൾ പ്രകാരമായിരിക്കും നടത്തുക. വിപുലമായ പരിപാടികൾ പിന്നീട് നിശ്ചയിക്കും.