മലപ്പുറം: ഏഷ്യയിലെ ഏക പ്രാക്തന ഗോത്ര വിഭാഗമായ ചോലനായ്‌ക്കരില്‍ ഇക്കുറി വോട്ട് ചെയ്‌തത് പകുതിയില്‍ താഴെ വാട്ടര്‍മാര്‍ മാത്രം. മാഞ്ചീരി, പാണപ്പുഴ അടക്കമുള്ള കോളനികളില്‍ നിന്നും ചോലനായ്ക്കര്‍ വിഭാഗത്തിലെ 60 പേര്‍ക്കാണ് വോട്ടവകാശമുള്ളത്. ഇതില്‍ 24 പേര്‍ മാത്രമാണ് വോട്ടുചെയ്യാനെത്തിയത്. പലര്‍ക്കും തിരിച്ചറിയല്‍ രേഖകളില്ലാത്തതാണ് കാരണമെന്ന് മാഞ്ചീരിയില്‍ നിന്നുള്ളവര്‍ പറയുന്നു.
നെടുങ്കയം അമിനിറ്റി സെൻ്ററിലെ ബൂത്താണ് ഇവർക്കായി വോട്ട് ചെയ്യാൻ ഏർപ്പെടുത്തിയത്. മാവോയിസ്റ്റ് ഭീഷണിയുള്ള വനമേഖലയായതിനാല്‍ തണ്ടര്‍ബോള്‍ട്ടിൻ്റെ സുരക്ഷയിലാണ് വോട്ടെടുപ്പ് നടന്നത്. കരുളായി പഞ്ചായത്തിലെ മൈലമ്പാറ വാര്‍ഡിലാണ് ഈ ബൂത്തുള്ളത്. ചോലനായ്ക്കരെ കൂടാതെ ഉള്‍വനത്തില്‍ താമസിക്കുന്ന കാട്ടുനായ്ക്കര്‍, പണിയ വിഭാഗങ്ങളും നെടുങ്കയം ബൂത്തിലാണ് വോട്ടുചെയ്‌തത്. നെടുങ്കയം, വട്ടിക്കല്ല്, പുലിമുണ്ട, മാഞ്ചീരി, ചേമ്പുംകൊല്ലി, കുപ്പമല എന്നിവിടങ്ങളില്‍ താമസിക്കുന്നവരാണ് വോട്ടുചെയ്യാനെത്തിയത്.
നെടുങ്കയത്ത് നിന്നും 16 കിലോമീറ്റര്‍ അകലെയുള്ള മാഞ്ചീരി, കുപ്പമല തുടങ്ങിയ മേഖലയില്‍ നിന്നും വാഹനത്തിലാണ് വോട്ടര്‍മാരെ നെടുങ്കയത്തെത്തിച്ചത്. മൊത്തം 433 വോട്ടുകളാണ് ഇവിടെയുള്ളത്. ഇതില്‍ ഉച്ചയായപ്പോഴേക്കും 231 വോട്ടുകള്‍ പോള്‍ ചെയ്തു. മാഞ്ചീരിയില്‍ നിന്നുമെത്തിയ രംഗന്‍, വീരന്‍ എന്നിവര്‍ക്ക് തിരിച്ചറിയല്‍ രേഖളൊന്നുമില്ലാത്തതിനാല്‍ വോട്ട് ചെയ്യാന്‍ ആദ്യം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ സമ്മതിച്ചില്ല. പിന്നീട് മൂന്ന് വാര്‍ഡിലെയും സ്ഥാനാർഥികള്‍ക്ക് പരാതിയില്ലെന്ന് ബോധ്യപ്പെടുത്തിയതോടെ മണിക്കൂറുകള്‍ക്ക് ശേഷമാണ് രണ്ട് പേര്‍ക്കും വോട്ട് ചെയ്യാനുള്ള അനുമതി ഉദ്യോഗസ്ഥര്‍ നല്‍കിയത്.
കഴിഞ്ഞ പ്രളയത്തില്‍ ചോലനായ്ക്കരിലെ പലരുടെയും തിരിച്ചറിയല്‍ രേഖകള്‍ നഷ്‌ടപ്പെട്ടിരുന്നു. പ്രളയം കഴിഞ്ഞ് ഒന്നര വര്‍ഷമായിട്ടും രേഖകള്‍ ലഭ്യമാക്കുന്നതിനുള്ള ഒരു നടപടിയും സംസ്ഥാന സര്‍ക്കാറോ, ഐ.ടി.ഡി.പിയോ പഞ്ചായത്തോ ചെയ്തിട്ടില്ല. രണ്ട് വര്‍ഷം മുൻപ് ആധാര്‍ എടുക്കുന്നതിന് വേണ്ടി മാഞ്ചീരിയില്‍ അദാലത്ത് നടത്തിയിരുന്നു. എന്നാല്‍ വെറും ഒമ്പത് പേര്‍ക്ക് മാത്രമാണ് ആധാര്‍ നല്‍കിയത്. ഈ അദാലത്തിനാകട്ടെ 30 ലക്ഷം രൂപയില്‍ കൂടുതല്‍ വകയിരുത്തിയതാണ്. ഇതിന് ശേഷമാണ് പ്രളയമുണ്ടായത്. നഷ്‌ടപ്പെട്ട രേഖകള്‍ക്ക് പകരം സംവിധാനമുണ്ടാക്കുന്നതില്‍ അധികൃതര്‍ പരാജയപ്പെട്ടു. രേഖകളില്ലെങ്കിലും അവസാന നിമഷം വോട്ട് ചെയ്യാന്‍ അനുദിക്കുമെന്ന വിശ്വാസത്തിലാണ് പലരും മലറിയങ്ങി വന്നത്.