മലപ്പുറം : കളിക്കുന്നതിനിടെ ചാരുപടിക്കിടയിൽ കാൽ കുടുങ്ങിയ മൂന്ന് വയസുകാരിയെ നിലമ്പൂർ അഗ്നി ശമന സേനാംഗങ്ങള്‍ രക്ഷപ്പെടുത്തി. ഫാരിസ്- നാഷിദ ദമ്പതികളുടെ മകൾ കെൻസ ഫാത്തിമയുടെ കാലാണ് ചാരുപടിയുടെ ആങ്കിളുകൾക്കിടയിൽ കുടുങ്ങിയത്. കരുളായി മൈലമ്പാറയിലുള്ള നാഷിദയുടെ വീട്ടിൽവച്ചായിരുന്നു അപകടം.
Also Read:മലപ്പുറം ജില്ലയില്‍ ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയത് 54,426 കുട്ടികള്‍
കാൽ മടങ്ങിയ നിലയിൽ കാൽമുട്ട് വരെ ചാരുപടിക്കിടയിൽ കുടുങ്ങിപ്പോവുകയായിരുന്നു. വീട്ടുകാരും അയൽവാസികളും ചേർന്ന് കാല് പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് നിലമ്പൂർ ഫയർസ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. സേനാംഗങ്ങള്‍ എത്തി ഹൈഡ്രോളിക് സ്പ്രെഡർ ഉപയോഗിച്ച് കോൺക്രീറ്റ് ആംഗിൾ പൊട്ടിച്ച് കുട്ടിയെ പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെടുത്തുകയായിരുന്നു. സ്റ്റേഷൻ ഓഫിസർ എം.അബ്ദുള്‍ ഗഫൂറിന്‍റെ നേതൃത്വത്തിലുള്ള ഫയർ ഫോഴ്‌സ് സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.