മലപ്പുറം: മലപ്പുറം, കോഴിക്കോട് ജില്ലകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിവന്ന സംഘത്തിന്റെ തലവൻ പിടിയിൽ. വേങ്ങര പറപ്പൂർ കുളത്ത് അബ്ദുൽ റഹീം(40) എന്ന വേങ്ങര റഹീമിനെയാണ് ജില്ലാ ആന്റി നാർകോട്ടിക് സ്ക്വാഡും തിരൂരങ്ങാടി പൊലീസും ചേർന്ന് പിടികൂടിയത്. കഴിഞ്ഞ മാസം പുലർച്ചെ തിരൂരങ്ങാടി നെടുമ്പറമ്പ് അഹമ്മദ് കബീറിന്റെ വീട്ടിൽ കയറി കത്തികാട്ടി ഭീഷണിപ്പെടുത്തി കവർച്ച നടത്തിയവരിൽ ഒരാളാണ് ഇയാളെന്ന് പൊലീസ് പറയുന്നു.
വിവിധ പ്രദേശങ്ങളിൽ രാത്രികാല മോഷണം വ്യാപകമായതോടെ ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ മുൻകാല കുറ്റവാളികളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരുന്നതിനിടെയാണ് പ്രതിയെ ചെമ്മാട്ടുനിന്ന് പിടികൂടിയത്.
അഞ്ചുവർഷം മുമ്പാണ് റഹീമിന്റെ നേതൃത്വത്തിലുള്ള സംഘം വീടുകളിൽ ഒറ്റക്ക് കഴിയുന്ന സ്ത്രീകളെ ക്ലോറോഫോം മണപ്പിച്ച് കവർച്ച ചെയ്തുതുടങ്ങിയത്. 30ഓളം കേസുകളാണ് ഇയാളേയും സംഘത്തേയും അന്ന് പിടികൂടിയപ്പോൾ തെളിയിക്കാനായത്. രണ്ട് വർഷം മുമ്പ് ജാമ്യത്തിൽ ഇറങ്ങിയ പ്രതി മഞ്ചേരിയിൽ വാടകവീട്ടിൽ താമസിച്ചു വരുകയായിരുന്നു. അടുത്തിടെ ലഹരി കടത്ത് സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഇയാൾ ആന്ധ്രയിൽനിന്ന് ഇവർക്കുവേണ്ടി കഞ്ചാവ് എത്തിച്ചു കൊടുത്തിരുന്നതായും പൊലീസ് പറയുന്നു. പ്രതിയെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി. കൂടുതൽ അന്വേഷണത്തിനും തെളിവെടുപ്പിനുമായി പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും.