മലപ്പുറം: കാല്‍പ്പന്തിനെ സ്‌നേഹിക്കുന്ന കൊണ്ടോട്ടിയുടെ മനസറിഞ്ഞ മണ്ഡല വികസന രേഖ പുറത്തിറക്കി എല്‍ഡിഎഫ്. ഖത്തറില്‍ പോയി ലോകകപ്പ് കാണാന്‍ അവസരമൊരുക്കുന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്‍റ് ഉള്‍പ്പെടെയുള്ള വാഗ്‌ദാനങ്ങളാണ് എൽഡിഎഫ് സ്വതന്ത്രന്‍ കാട്ടുപരുത്തി സുലൈമാൻ ഹാജിയുടെ വികസന രേഖയിലുള്ളത്. മണ്ഡലത്തിന്‍റെ സമഗ്രവികസനം മുന്നോട്ടുവെക്കുന്ന വികസന രേഖ മുതിര്‍ന്ന സിപിഎം നേതാവ് പാലോളി മുഹമ്മദ് കുട്ടി പ്രകാശനം ചെയ്‌തു.
എയർപോർട്ട് സിറ്റിയായ കൊണ്ടോട്ടിയെ വികസന നഗരമാക്കി മാറ്റും, പ്രവാസികൾക്കായി വാണിജ്യ പദ്ധതികൾ, ഫുട്ബോൾ സ്റ്റേഡിയം തുടങ്ങിയ വാഗ്‌ദാനങ്ങളാണ് വികസന രേഖയിലുള്ളത്. എംഎല്‍എ ട്രോഫി ജയിക്കുന്നവർക്ക് ഖത്തറിൽ പോയി ലോകകപ്പ് കാണാന്‍ അവസരം നല്‍കുമെന്ന ഉറപ്പും നല്‍കുന്നുണ്ട്. മണ്ഡലത്തിലെ എല്ലാ ടീമുകളെയും ഉൾപ്പെടുത്തിയാകും എംഎൽഎ ട്രോഫി എന്ന പേരില്‍ ഫുട്ബോൾ ടൂർണ്ണമെന്‍റ് സംഘടിപ്പിക്കുക. ജയിക്കുന്ന ടീമിനാകും ലോകകപ്പ് കാണാന്‍ അവസരം.
നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി വലിയ തോട് നവീകരണം, ഗതാഗതകുരുക്കിനുള്ള പരിഹാരം എന്നിവയും വാഗ്‌ദാനം ചെയ്യുന്നു. ആരോഗ്യ മേഖലയിലെ കൊണ്ടോട്ടിയുടെ പിന്നോക്കാവസ്ഥയ്ക്ക് പരിഹാരം കാണുന്നതിനുള്ള പദ്ധതികളും വികസന രേഖ മുന്നോട്ട് വയ്ക്കുന്നു. എൽഡിഎഫ് നേതാക്കളായ പുലത്തിൽ കുഞ്ഞു, മുസ്തഫ അലി പുല്ലിതൊടി, റസാഖ് മാസ്റ്റർ, സിപിഐ എം കൊണ്ടോട്ടി ഏരിയ സെക്രട്ടറി പ്രമോദ് ദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.