മലപ്പുറം : കൊവിഡിന്‍റെ ദുരിതകാലത്ത് അതിരില്ലാത്ത മാനവികതയുടെ സ്നേഹസന്ദേശം പങ്കുവയ്ക്കുകയാണ് കീഴുപറമ്പ് കുനിയില്‍ ഇസ്ലാഹ് നഗര്‍ പള്ളി കമ്മിറ്റി. വാക്‌സിനേഷന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കാന്‍ പള്ളി വിട്ടുനല്‍കിയാണ് കമ്മിറ്റി മാതൃകയായത്.
കീഴുപറമ്പ് പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ സൗകര്യപ്രദമായ കെട്ടിടം ലഭിക്കാതിരുന്ന സാഹചര്യത്തിലാണ് പള്ളി ഇതിനായി ലഭ്യമാക്കിയത്.
വാർഡിൽ സ്ഥിതി ചെയ്യുന്ന ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്‌കൂളിൽ വാക്‌സിനേഷൻ നടത്താന്‍ ബുദ്ധിമുട്ടുളളതിനാലാണ് നടപടി. ഇതോടെ ഈ പ്രദേശത്തെ 45 വയസിന് മുകളിൽ പ്രായമുള്ള 167 പേർക്ക് ഇവിടെവച്ച് കുത്തിവയ്പ്പ് നല്‍കി.
ALSO READ:സമതയുടെ 'ജൈവകീർത്തി' പുരസ്‌കാരം അന്നമ്മയ്‌ക്ക്
വാർഡ് മെമ്പറായ പി.പി. തസ്‌ലീന ഷബീറിന്‍റെ നേതൃത്വത്തിൽ കീഴുപറമ്പ് പി.എച്ച്.എസിലെ ആരോഗ്യ പ്രവർത്തകരാണ് വാക്‌സിനേഷൻ നടത്തിയത്.മാതൃകാപരമായ പ്രവർത്തനത്തിന് പള്ളി കമ്മിറ്റി ഭാരവാഹികളെ വാർഡ് മെമ്പറും ആരോഗ്യപ്രവർത്തകരും നന്ദി അറിയിച്ചു.
പള്ളികൾ ആരാധനാ കർമങ്ങളിൽ മാത്രം പരിമിതപ്പെടേണ്ട ഒന്നല്ല എന്നായിരുന്നു കുനിയിൽ ഇസ്ലാഹ് നഗർ പള്ളി കമ്മിറ്റി സെക്രട്ടറി കെ.പി. ശാക്കിർബാബു മാസ്റ്ററുടെ പ്രതികരണം.