മലപ്പുറം: വീടുകളും കെട്ടിടങ്ങളും കൊവിഡ് കെയര്‍ സെന്‍ററുകളാക്കി മാറ്റുന്നതിനുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കിയതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ . ജില്ലയില്‍ എട്ട് വീടുകള്‍ ഇതിനകം തന്നെ കൊവിഡ് സെന്‍ററുകളാക്കി മാറ്റി. നിരീക്ഷണത്തില്‍ കഴിയുന്നവരുടെ മാനസിക സമ്മര്‍ദം കുറക്കാന്‍ ഇത് പ്രയോജനപ്പെടുന്നുണ്ടെന്നും കൂടുതല്‍ പ്രവാസികള്‍ ഈ അവസരം ഉപയോഗപ്പെടുത്താന്‍ മുന്നോട്ടു വരുന്നതായും മന്ത്രി പറഞ്ഞു. കലക്ട്രേറ്റില്‍ അവലോകനയോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
തദ്ദേശസ്ഥാപന അധികൃതര്‍ പരിശോധന നടത്തി മതിയായ സൗകര്യങ്ങളുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമേ വീടുകള്‍ കൊവിഡ് കെയര്‍ സെന്‍ററുകളാക്കാന്‍ അനുമതി നല്‍കൂ. നിരീക്ഷണ കാലാവധി സംബന്ധിച്ച വിവരങ്ങള്‍ വീടുകള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. കൊവിഡ് പശ്ചാത്തലത്തില്‍ വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും 79,214 പേര്‍ ജില്ലയില്‍ തിരിച്ചെത്തിയതായി മന്ത്രി അറിയിച്ചു.