മലപ്പുറം: വൈദ്യുതി മുടങ്ങാതെ ലോകകപ്പ് ഫുട്‌ബോൾ മത്സരങ്ങൾ കാണാൻ അവസരമൊരുക്കാനുള്ള ശ്രമത്തിലാണ് കെഎസ്‌ഇബി. മലപ്പുറം ജില്ലയിലെ മലയോര മേഖലയായ കാളികാവില്‍ വൈദ്യുത ലൈനിലെ തടസങ്ങള്‍ ഒഴിവാക്കുന്നതിനുള്ള ജോലി തിരക്കിലാണ് ഉദ്യോഗസ്ഥര്‍. ചെറിയൊരു കാറ്റടിച്ചാല്‍ പോലും വൈദ്യുതി നിലക്കുന്ന അവസ്ഥയാണ് മലയോരമേഖലയിലേത്.
അതുകൊണ്ട് തന്നെ സെക്ഷന് കീഴില്‍ രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞാണ് ജോലികള്‍ പുരോഗമിക്കുന്നത്. ഒരു സംഘം ഉദ്യോഗസ്ഥര്‍ വൈദ്യുത ലൈനില്‍ തടസം സൃഷ്‌ടിക്കുന്ന മരച്ചില്ലകള്‍ വെട്ടിമാറ്റുമ്പോള്‍ മറ്റൊരു സംഘം നിലവിലെ അലൂമിനിയം ലൈനുകള്‍ മാറ്റി എബിസി ഫൈബര്‍ കേബിളുകള്‍ സ്ഥാപിക്കുന്ന തിരക്കിലാണ്. നവംബര്‍ 20ന് മുമ്പ് വൈദ്യുത ലൈനുകള്‍ കുറ്റമറ്റതാക്കുകയെന്നതാണ് കെഎസ്‌ഇബിയുടെ ലക്ഷ്യം.
മലയോര മേഖലയില്‍ എപ്പോഴും ഉണ്ടാകുന്ന വൈദ്യുതി നിലക്കുന്ന അവസ്ഥ ലോകകപ്പ് സീസണുകളില്‍ ഫുട്‌ബോള്‍ ആരാധകര്‍ക്ക് പ്രയാസം സൃഷ്‌ടിക്കാറുണ്ട്. മാത്രമല്ല ഇത്തരം സംഭവങ്ങള്‍ വ്യാപക പ്രതിഷേധങ്ങള്‍ക്ക് കാരണമാകാറുമുണ്ട്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലോകകപ്പിനിടെ ഇത്തരം പ്രയാസങ്ങള്‍ ഉണ്ടാകരുതെന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടക്കുന്നതെന്നും നവംബര്‍ 20ന് മുമ്പ് ജോലികള്‍ പൂര്‍ത്തിയാക്കുമെന്നും കാളികാവ് അസിസ്റ്റന്‍റ് എഞ്ചിനീയർ ബിജു പറഞ്ഞു.