മലപ്പുറം : കെ-റെയിലിനെതിരായ പ്രതിപക്ഷ സമരം എൽഡിഎഫ് സർക്കാരിനെതിരായ നിലപാടുകളുടെ ഭാഗമാണെന്നും അതിനെ ഇടതുമുന്നണി രാഷ്‌ട്രീയമായി നേരിടുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. കേന്ദ്രം അനുമതി നൽകിയ കാര്യങ്ങൾ മാത്രമേ ഇപ്പോൾ നടക്കുന്നുള്ളൂ. സർവേ നടത്താനും ഡിപിആർ തയാറാക്കാനും പാരിസ്ഥിതിക ആഘാത പഠനം നടത്താനും കേന്ദ്രം അനുമതി നൽകിയിട്ടുണ്ട്. ഹൈക്കോടതിയും ഇവ അംഗീകരിച്ചതാണ്.
നിലവിലെ സമരങ്ങൾ ഹൈക്കോടതി വിധിക്കെതിരെയുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്രാനുമതി ലഭിക്കുമെന്ന പേരിൽ മുഖ്യമന്ത്രിയും സർക്കാരും ജനങ്ങളെ കബളിപ്പിക്കുകയാണെന്ന കെ സുധാകരന്‍റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഭൂമി നഷ്‌ടപ്പെടുന്നവരുടെ പ്രശ്‌നമാണെങ്കില്‍ അത് പ്രത്യേകം പരിഗണിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണ്. നഷ്‌ടപരിഹാരം നല്‍കിയ ശേഷമേ ഭൂമി ഏറ്റെടുക്കുകയുള്ളൂ. തെറ്റായ പ്രചരണം നടത്തി ആളുകളെ കബളിപ്പിച്ച് സമരരംഗത്ത് ഇറക്കുകയാണ്. സാമൂഹിക ആഘാതപഠനത്തിനുള്ള കല്ലിടലാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇത് കഴിഞ്ഞാല്‍ മാത്രമേ മറ്റ് നടപടികളിലേക്ക് നീങ്ങാന്‍ സാധിക്കൂ.
ALSO READ:'പെട്ടെന്ന് ഉദിച്ച പദ്ധതിയല്ല കെ റെയില്‍'; പിന്നോട്ടില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി
ചങ്ങനാശേരിയില്‍ രണ്ടാം വിമോചന സമരമെന്ന് പറയുന്നവരുടെ ലക്ഷ്യം നടക്കാന്‍ പോകുന്നില്ല. ഇന്നലെ നടത്തിയത് അടികിട്ടേണ്ട സമരമാണ്. വിമോചന സമരമൊന്നും ഇവിടെ നടക്കില്ല, ആ കാലം മാറിപ്പോയി. അതാണ് പ്രതിപക്ഷത്തിൻ്റെ ലക്ഷ്യമെങ്കിൽ അത് നടക്കില്ലെന്നാണ് ഇന്നലെ പറഞ്ഞത്. ഇതുസംബന്ധിച്ച് എന്‍.എസ്.എസ് സെക്രട്ടറി പ്രതികരിക്കുകയും ചെയ്തു. തങ്ങള്‍ സമരത്തിന് അനുകൂലമോ പ്രതികൂലമോ അല്ലെന്നാണ് എന്‍.എസ്.എസ് പ്രതികരിച്ചതെന്നും കോടിയേരി പറഞ്ഞു.
എത്ര പിഴുതുമാറ്റിയാലും കല്ലിടേണ്ടിടത്ത് ഇടും. പ്രതിഷേധക്കാർ എടുത്തുകൊണ്ടുപോയാലും കേരളത്തിൽ കല്ലിന് ക്ഷാമമൊന്നും വരില്ല. കല്ല് വെറേയും കിട്ടും. കേരളത്തിൽ ഇല്ലെങ്കിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നെങ്കിലും കല്ല് കൊണ്ടുവരും. അതിൻ്റെ മുന്നിൽ കീഴടങ്ങാനൊന്നും സർക്കാർ ഉദ്ദേശിച്ചിട്ടില്ലെന്നും കോടിയേരി പ്രതികരിച്ചു.