മലപ്പുറം: കരിപ്പൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ അത്യാധുനിക നാവിഗേഷൻ സംവിധാനം സ്ഥാപിച്ചു. വിമാനത്തിന്‍റെ ദിശ നിർണയിക്കുന്നതിനുള്ള ആധുനിക കൊറിയൻ നിർമിത ഡോപ്ലർ വെരി ഹൈഫ്രീകൻസി ഒമിനി റേഞ്ചും (ഡി.വി.ഒ.ആര്‍) കനേഡിയൻ നിർമിതമായ ഡിസ്റ്റൻസ് മെഷറിങ് എക്വിപ്മെന്‍റും (ഡി.എം.ഇ) ആണ് കരിപ്പൂരിൽ പുതുതായി സ്ഥാപിച്ചത്. വിമാനത്താവളത്തിൽ നിന്ന് 300 കിലോമീറ്റർ ദൂരം വരെ സിഗ്നൽ നൽകാൻ കഴിയുന്ന അത്യാധുനിക നാവിഗേഷൻ സംവിധാനമാണ് സ്ഥാപിച്ചത്. റിസീവർ ഉപയോഗിച്ച് വൈമാനികന് തന്‍റെ വിമാനത്തിന്‍റെ സ്ഥാനം നിർണയിക്കാനും ഇതിലൂടെ സാധിക്കും.
റൺവേക്ക് പുറത്ത് വിമാനത്താവളത്തിന്‍റെ പ്രവർത്തന മേഖലയിലാണ് ഇവ സ്ഥാപിച്ചിരിക്കുന്നത്. നാല് കോടി 41 ലക്ഷം രൂപയാണ് ചെലവാക്കിയാണ് ഇവ സ്ഥാപിച്ചത്. 1995ലെ ജി.സി.ഇ.എൽ ഉപകരണം മാറ്റിയാണ് പുതിയത് സ്ഥാപിച്ചത്. നിലവിൽ ഇവിടെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഡി.എം.ഇ മിസോറാമിലെ ലിങ്പുയ് വിമാനത്താവളത്തിലേക്ക് മാറ്റും.
വിമാനങ്ങൾക്ക് അവയുടെ സ്ഥാനത്തുനിന്ന് വിമാനത്താവളത്തിലേക്കുള്ള ദിശ ഡി.വി.ഒ.ആറും വിമാനത്താവളത്തിൽ നിന്ന് വിമാനത്തിലേക്കുള്ള ദൂരം ഡി.എം.ഇയും നൽകും. പറക്കുന്ന വിമാനങ്ങൾ തമ്മിലുള്ള അകലം, ലാൻഡിങ് ഡിഗ്രി, എന്നിവ സംബന്ധിച്ച കൃത്യമായ വിവരങ്ങളും സംവിധാനം വഴി ലഭ്യമാകും.
വിമാനത്തിൽ ഘടിപ്പിച്ചിരിക്കുന്ന സമാന രീതിയിലുള്ള ഉപകരണവുമായി ചേർന്നാണ് ഇവ പ്രവർത്തിക്കുക. ഇതിൽനിന്നുള്ള വിവരങ്ങൾ ഉപയോഗിക്കുന്ന വിമാനത്തിന് കൃത്യമായി കോഴിക്കോട് വിമാനത്താവളത്തിൽ വന്നിറങ്ങാനാവും. കോഴിക്കോടിന് മുകളിലൂടെ പറക്കുന്ന മറ്റ് വിമാനങ്ങൾക്കും സംവിധാനം സഹായകമാവും. കഴിഞ്ഞ ദിവസം മുതൽ പുതിയ സംവിധാനത്തിന്റെ സഹായത്തോടെ കരിപ്പൂരിൽ വിമാനമിറങ്ങിത്തുടങ്ങി.