മലപ്പുറം/ന്യൂഡല്‍ഹി: മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെതിരായ ഇഡി കേസിലെ ജാമ്യാപേക്ഷ ലഖ്നൗ കോടതി ഇന്ന് (സെപ്‌റ്റംബര്‍ 19) പരിഗണിക്കും. യുഎപിഎ കേസിനുപുറമെ കള്ളപ്പണം വെളുപ്പിക്കലിനാണ് കാപ്പനെതിരായി എന്‍ഫോഴ്‌സ്‌മെന്‍റ് ഡയക്‌ടറേറ്റ് കേസെടുത്തത്. അതേസമയം, യുഎപിഎ കേസിൽ ജാമ്യം ലഭിക്കാന്‍ അഭിഭാഷകന്‍ പരിശ്രമിക്കുന്നുണ്ട്.
ജാമ്യം ലഭിച്ചിട്ടും മോചനമില്ല..! സെപ്‌റ്റംബര്‍ ഒന്‍പതിനാണ് സുപ്രീം കോടതി സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിച്ചത്. എന്നാല്‍, ജാമ്യവ്യവസ്ഥകൾ പാലിക്കാൻ അഭിഭാഷകന് കഴിയാഞ്ഞതോടെയാണ് പുറത്തിറങ്ങല്‍ നീളുന്നത്. യുപിക്കാരായ രണ്ട് പേരുടെ ആൾജാമ്യം വേണമെന്നാണ് ചട്ടം. ഇതിന് ആരും തയ്യാറാവാത്തതിനെ തുടര്‍ന്നാണ് അഭിഭാഷകൻ മുഹമ്മദ് ദാനിഷിന് ജാമ്യമെടുക്കാന്‍ സാധിക്കാത്തത്.
സുപ്രീം കോടതിയുടെ ജാമ്യവിധിക്ക് ശേഷം സെപ്റ്റംബര്‍ 12ന് കാപ്പനെ ലഖ്‌നൗവിലെ വിചാരണ കോടതിയിൽ ഹാജരാക്കിയിരുന്നു. അഡീഷണൽ ജഡ്‌ജ് അനുരുദ്ധ് മിശ്രയാണ് കാപ്പന്‍റെ ജാമ്യവ്യവസ്ഥ നിശ്ചയിച്ചത്. ഒരു ലക്ഷം രൂപയുടെ രണ്ട് ആൾജാമ്യത്തിലാണ് ജാമ്യം അനുവദിച്ചത്.
റിപ്പോര്‍ട്ടിങ്ങിനായെത്തി, കേസിലായി: ഹത്രാസ് ബലാത്സംഗ കേസ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകനെതിരെ യുപി സർക്കാരാണ് യുഎപിഎ ചുമത്തി അറസ്റ്റുചെയ്‌തത്. 2020 ഒക്‌ടോബർ അഞ്ച് മുതൽ ജയിലിലാണ്. സിദ്ദിഖ് കാപ്പന് പോപ്പുലർ ഫ്രണ്ട്, അതിന്‍റെ വിദ്യാർഥി സംഘടനയായ കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ എന്നിവയുമായി അടുത്ത ബന്ധമുണ്ടെന്നാണ് യുപി സർക്കാർ വാദം. എന്നാല്‍, ഇതൊന്നും പരിഗണിക്കാതെയാണ് ചീഫ് ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ ബഞ്ച് ജാമ്യം അനുവദിച്ചത്.