മലപ്പുറം: പൂക്കോട്ടുംപാടം ടി.കെ കോളനിയില്‍ വനപാലകര്‍ കുടിവെള്ള പൈപ്പുകള്‍ മുറിച്ചതിൽ വന്‍ പ്രതിഷേധം. വനപാലകരെ ജനങ്ങള്‍ തടഞ്ഞുവെച്ചു. അര ഇഞ്ചില്‍ കൂടുതല്‍ വണ്ണമുള്ള പൈപ്പുകള്‍ പുഴയില്‍ നിന്നും ഒഴിവാക്കണം എന്ന കോടതി ഉത്തരവ് നടപ്പാക്കുന്നതിന്‍റെ മറവിലാണ് കുടിവെള്ള പൈപ്പുകളടക്കം മുറിച്ച് മാറ്റിയതെന്നാണ് ആരോപണം. കുടിവെള്ളം മുടങ്ങിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ വന്‍ പ്രതിഷേധവുമായി രംഗത്തെത്തി.
പ്രതിഷേധം ശക്തമായതിനെ തുടർന്ന് പൂക്കോട്ടുംപാടം എസ്ഐ രാജേഷ് അയോടന്‍ സ്ഥലത്തെത്തി അനുഞ്ജനത്തിന് ശ്രമിച്ചെങ്കിലും പ്രദേശവാസികള്‍ തയ്യാറായില്ല. തുടർന്ന് പഞ്ചായത്ത് പ്രസിഡന്‍റ് മുനീഷ കടവത്ത്, ഗ്രാമപഞ്ചായത്തംഗങ്ങള്‍ വിവിധ രാഷ്ട്രീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി അനുരഞ്ജന ചര്‍ച്ച നടത്തി. അര ഇഞ്ച് വരെയുള്ള പൈപ്പുകള്‍ പുനസ്ഥാപിച്ച് നൽകാമെന്നും കുടിവെള്ളത്തിനായി ടാങ്കറില്‍ വെള്ളം എത്തിക്കാമെന്നുമുള്ള ഗ്രാമപഞ്ചായത്തിന്‍റെ ഉറപ്പിന്മേലാണ് നാട്ടുകാര്‍ പിരിഞ്ഞ് പോയത്. എന്നാല്‍ വലിയ പൈപ്പുകള്‍ മാത്രമാണ് മുറിച്ച് മാറ്റിയതെന്നാണ് വനപാലകരുടെ വാദം.