മലപ്പുറം: കഴിഞ്ഞ 10 വർഷത്തിനിടയിൽ മലപ്പുറത്തെ കടുങ്ങപുരം ഗവൺമെന്‍റ് ഹയർസെക്കന്‍ററി സ്കൂളിൽ നിന്ന് ദേശീയതലത്തിലേക്കെത്തിയത് ഇരുപതിലധികം കായികതാരങ്ങൾ. സ്കൂളിനെ പ്രതിനിധീകരിച്ച് ഇരുന്നൂറിലേറെ പേര്‍ സംസ്ഥാന തലത്തിലും പങ്കെടുത്തു. അന്താരാഷ്ട്രാ ഹോക്കിതാരമായ റിൻഷിദ, സംസ്ഥാന ഫുട്ബോൾ ടീം ഗോൾ കീപ്പർ മുഹമ്മദ് ഷബിലിന്‍ ഇവരൊക്കെ ചില ഉദാഹരണങ്ങൾ മാത്രം. ഈ വിസ്മയ നേട്ടം കരസ്ഥമാക്കാൻ കുട്ടിത്താരങ്ങൾക്ക് കാവലും കരുത്തുമായി സജ്ജാർ സാഹീർ എന്ന അധ്യാപകനും കളിക്കളത്തിൽ നിറഞ്ഞു നിൽക്കുന്നു.
കടുങ്ങപുരം സ്കൂളിൽ നിന്ന് ഒരോ വർഷവും സംസ്ഥാന ഗെയിംസിൽ പങ്കെടുക്കുന്നത് അമ്പതിലധികം താരങ്ങളാണ്. ഇരുന്നൂറിലധികം കുട്ടികൾ ജില്ലാ ഗെയിംസിലും സ്കൂളിനെ പ്രതിനിധീകരിക്കുന്നു. മങ്കട ഉപജില്ലാ സ്കൂൾ ഗെയിംസ് ചാമ്പ്യൻഷിപ്പ് കഴിഞ്ഞ പത്ത് വർഷമായി കടുങ്ങാപുരത്ത് നിന്ന് തട്ടിയെടുക്കാൻ മറ്റ് സ്കൂളുകൾക്കായിട്ടില്ല. ഫുട്ബോൾ,കബഡി, ഖൊ- ഖൊ, വോളിബോൾ, ഹോക്കി, ഷട്ടിൽ, ബോൾ ബാഡ്മിന്‍റൻ, ഹാന്റ് ബോൾ, ബാസ്കറ്റ് ബോൾ, ക്രിക്കറ്റ്, നെറ്റ് ബോൾ ടേബിൾ ടെന്നീസ് തുടങ്ങി മിക്ക ഗെയിമുകൾക്കും വിദ്യാലയത്തിൽ ടീമുണ്ട്. ഗ്രാമീണ മേഖലയിലെ കുട്ടികളാണ് സ്കൂളിൽ കൂടുതലും. എന്നാൽ ഇവരുടെ അർപ്പണബോധവും കഠിനാധ്വാനവുമാണ് സാമ്പത്തിക പ്രയാസങ്ങൾക്ക് നടുവിലും അഭിമാനനേട്ടം കൈവരിക്കാൻ സ്കൂളിന് സഹായമായത്.