മലപ്പുറം: ജില്ലയില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ വിദഗ്ധ സംഘം പരിശോധന തുടങ്ങി. പത്ത് സംഘങ്ങളാണ് ജില്ലയില്‍ പരിശോധന നടത്തുന്നത്. രണ്ട് പേരാണ് ഒരു സംഘത്തിലുള്ളത്. നിലമ്പൂര്‍ താലൂക്കില്‍ മൂന്നും ഏറനാട് താലൂക്കില്‍ രണ്ടും മറ്റു താലൂക്കുകളില്‍ ഓരോ സംഘത്തെയുമാണ് നിയോഗിച്ചിട്ടുള്ളത്. മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടായ മേഖലകളില്‍ നിന്നും മാറ്റിതാമസിപ്പിച്ചവരുടെ പുനരധിവാസം സംബന്ധിച്ചും സംഘം പരിശോധിക്കും. പൊതുജനങ്ങളില്‍ നിന്നും പരാതി ഉയര്‍ന്നതും ഉരുള്‍പ്പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ളതുമായ മേഖലകളെക്കുറിച്ചും പഠനം നടത്തി വ്യക്തമായ ശുപാര്‍ശ സഹിതം സംഘം റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
ജിയോളജി, സോയില്‍ സര്‍വ്വേ, സോയില്‍ കണ്‍സര്‍വേഷന്‍, ഭൂജല വകുപ്പുകളിലെ ഉദ്യോഗസ്ഥരാണ് സംഘത്തിലുള്ളത്. മണ്ണിടിച്ചിലുണ്ടായ മലപ്പുറം കോട്ടക്കുന്നില്‍ വിദഗ്ധ സംഘം പരിശോധന നടത്തി. കോട്ടക്കുന്ന് പാര്‍ക്കിന് ചെരുവിലുള്ള 40 വീടുകളാണ് പരിശോധിച്ചത്. പരിശോധന റിപ്പോര്‍ട്ടുകള്‍ ക്രോഡീകരിച്ച് ഒരാഴ്ചയ്ക്കകം ജില്ല കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.