മലപ്പുറം: കുറവൻ പുഴയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. എടവണ്ണ റെയ്ഞ്ച് പരിധിയിൽ കുറവൻ പുഴയുടെ കൊമ്പൻ കൽകടവിൽ അമ്പലത്തിന് സമീപമാണ് ഏകദേശം 10 വയസ് പ്രായം തോന്നിക്കുന്ന മോഴയാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ആനയുടെ വയറിന്‍റെ പുറക് വശത്ത് കൊമ്പ് കൊണ്ട് മുറിഞ്ഞ പാടുണ്ട്.
ആനകൾ തമ്മിലുള്ള ആക്രമണത്തിൽ പരിക്കേറ്റതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. രണ്ട് മൂന്ന് ദിവസമായി പുഴയോരത്ത് ഈ ആനയെ കണ്ടിരുന്നതായി പരിസരവാസികൾ പറഞ്ഞു. നരി പൊയിൽ ആദിവാസി കോളനിയിലെ ആളുകളാണ് ആനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. എടവണ്ണ റെയ്ഞ്ച് ഓഫീസർ ഇംറോസ് ഏലിയാസ് നവാസ് സ്ഥലം സന്ദർശിച്ചു.