മലപ്പുറം: കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി. ഷോക്കേറ്റാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. കരുളായി റെയ്ഞ്ചിന്‍റെ അതിർത്തിയായ കാളികാവ് റെയ്‌ഞ്ചിലെ മൈലമ്പാറയിലെ സ്വകാര്യ കൃഷിയിടത്തിലാണ് 23 വയസോളം പ്രായമുള്ള മോഴയാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
വൈദ്യുതി വേലിക്ക് സമീപമായതിനാൽ ഷോക്കേറ്റതാകാം ആന ചെരിയാൻ കാരണമെന്ന നിഗമനത്തിലാണ് വനം വകുപ്പ്. തൃശ്ശൂരിൽ നിന്നും വെറ്ററിനറി സർജൻ എത്തിയ ശേഷം പോസ്റ്റ്‌മോര്‍ട്ടം നടത്തി ആനയെ ദഹിപ്പിക്കും. നിലമ്പൂർ സൗത്ത് ഡി.എഫ്.ഒ സജികുമാർ, കാളികാവ് റെയ്ഞ്ച് ഓഫീസർ പി.സുരേഷ് എന്നിവരുടെ നേതൃത്വത്തിൽ വനപാലകർ സ്ഥലത്ത് എത്തി തുടർ നടപടികൾ സ്വീകരിച്ചു. ഈ മേഖലയിൽ കാട്ടാന ശല്യം രൂക്ഷമാണെന്ന് സ്ഥലത്ത് എത്തിയ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഇസ്മായിൽ മൂത്തേടം പറഞ്ഞു. കരുളായി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജയശ്രീയുടെ നേതൃത്വത്തിൽ ഗ്രാമ പഞ്ചായത്ത് അധികൃതരും സ്ഥലം സന്ദർശിച്ചു.