മലപ്പുറം: അക്ഷരങ്ങൾ വാക്കുകളായി, വാക്കുകൾ സിനിമ പേരുകളായി, ഒടുവില്‍ അതൊരു മമ്മൂട്ടി ചിത്രമായി. മലപ്പുറം തിരൂർ സ്വദേശിയായ അർഷാദ് എഴുതിയത് 407 സിനിമ പേരുകൾ. ആ പേരുകൾ ചേർന്നപ്പോൾ സാക്ഷാല്‍ മമ്മൂട്ടി. ഇതിലെന്താണ് കൗതുകം എന്നല്ലേ...
ഇത് കൗതുകമല്ല, ശരിക്കും വിസ്‌മയമാണ്. ആ വിസ്‌മയം ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിലും ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്‌സിലും ഇടം നേടുക കൂടി ചെയ്‌തതോടെ തിരൂർ പുറത്തൂർ മില്ലുംപടി ഹംസത്ത്- റഹ്മത്ത് ദമ്പതികളുടെ മകൻ അർഷാദ് ശരിക്കും താരമായി.
വിവിധ ഭാഷകൾ, 407 ചിത്രങ്ങൾ
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി മമ്മൂട്ടി അഭിനയിച്ച 407 ചിത്രങ്ങളുടെ പേരുകൾ ഉപയോഗിച്ചാണ് മമ്മൂട്ടിയുടെ പതിനെട്ടാംപടി എന്ന ചിത്രത്തിലെ രൂപം എഴുതി വരച്ചത്. ലോക്ക്‌ഡൗണില്‍ ലഭിച്ച ഒഴിവു സമയത്താണ് അർഷാദ് ഇത്തരത്തിലൊരു ചിത്രം വരക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നത്.
വരച്ചു തീർന്നപ്പോൾ ഇന്ത്യൻ സിനിമ താരങ്ങൾ അഭിനയിച്ച ചിത്രങ്ങളുടെ ഏറ്റവുമധികം പേര് ഉപയോഗിച്ച് വരച്ച ചിത്രം എന്ന നിലയ്ക്കാണ് അർഷാദിനെ തേടി അംഗീകാരം എത്തിയത്. നാലു ദിവസമെടുത്താണ് മമ്മൂട്ടി അഭിനയിച്ച ചിത്രങ്ങളുടെ പേര് കണ്ടെത്തിയത്. പക്ഷേ ഒറ്റ ദിവസം കൊണ്ടു തന്നെ ചിത്രം പൂർണമാക്കി.
മമ്മൂക്കയെ കാണണം ചിത്രം കൊടുക്കണം
ചെറുപ്പം മുതൽ തന്നെ ചിത്രരചനയോട് വളരെയധികം താൽപര്യമുള്ള അർഷാദ് ചിത്രം വരക്കുകയാണെങ്കിൽ മമ്മൂട്ടിയുടെ പതിനെട്ടാംപടി എന്ന ചിത്രത്തിലെ അദ്ദേഹത്തിന്‍റെ വൈറലായ ചിത്രങ്ങൾ തന്നെ വരയ്ക്കണമെന്ന് നേരത്തേ കരുതിയിരുന്നു. വരച്ച ചിത്രം മമ്മൂക്കയ്‌ക്ക് കൈമാറണമെന്ന ആഗ്രഹത്തിലാണ് തൃശൂർ റോയൽ കോളജ് ഓഫ് എൻജിനീയറിങ് കോളജിലെ വിദ്യാർഥിയായ അർഷാദ്.