മലപ്പുറം: കൊവിഡ് അവസരം മുതലെടുത്ത് ശരിയായ രേഖകളില്ലാതെ ചൈനീസ് നിർമിത പൾസ് ഓക്സി മീറ്റർ വിൽപന നടത്തിയതിന് ജില്ലാ ലീഗൽ അളവ് തൂക്ക വിഭാഗം വിതരണ സ്ഥാപനത്തിന് എതിരെ കേസ് എടുത്തു. 30,000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്.
മഞ്ചേരിയിലെ മെഡിക്കൽ സ്ഥാപനത്തിൽ നിന്ന് കണ്ടെത്തിയ പൾസ് ഓക്സി മീറ്ററില്‍ കസ്റ്റമർ കെയർ നമ്പർ, നിർമാണ സ്ഥാപനത്തിന്‍റെ മേൽവിലാസം എന്നിവ രേഖപ്പെടുത്തിയില്ലെന്ന് കണ്ടെത്തി. കോഴിക്കോട് ഏജൻസിയിൽ നിന്നാണ് വാങ്ങിയതെന്നും മറ്റ് രേഖകൾ ഇല്ലെന്നുമാണ് കടയുടമ നല്‍കിയ മൊഴി. അതേസമയം കോഴിക്കോട്ടെ വിതരണ സ്ഥാപനത്തിന്‍റെ ഭാഗികമായ വിലാസം ആണ് ഇതില്‍ രേഖപ്പെടുത്തിയിരുന്നത്.
3999 രൂപ എംആർപിയായി പ്രിന്‍റ് ചെയ്തിരുന്നു. ഇതോടെ മതിയായ രേഖകൾ ഇല്ലാത്തതിന് കോഴിക്കോട്ടെ വിതരണ സ്ഥാപനത്തിന് 25,000 രൂപയും, വിൽപന നടത്തിയതിന് മഞ്ചേരിയിലെ സ്ഥാപനത്തിനു 5000 രൂപയുമാണ് പിഴയിട്ടത്. ലീഗൽ മെട്രോളജി അസി. ഡെപ്യൂട്ടി കൺട്രോളർ സുജ എസ്.മണി, ഇൻസ്പെക്ടിങ് അസിസ്റ്റന്‍റ് മണികണ്ഠൻ എന്നിവർ പരിശോധനയ്ക്കു നേതൃത്വം നൽകി.