മലപ്പുറം: കനത്ത മഴയിലും കാറ്റിലും തിരുവാലി പഞ്ചായത്തിൽ വ്യാപക നാശം. 100 ഓളം വൈദ്യുതി തൂണുകൾ തകർന്നു. 500 ഓളം റബർ മരങ്ങൾ കാറ്റിൽ കടപുഴകി വീണു.
പ്രദേശത്ത് ഗതാഗതം തടസപ്പെട്ടു. പല ഭാഗങ്ങളിലും വൈദ്യുതിയും തടസപ്പെട്ട നിലയിലാണ്. ഇന്നലെ(30.08.2022) രാത്രി പെയ്‌ത കനത്ത മഴയിലും കാറ്റിലുമാണ് വ്യാപക നാശം സംഭവിച്ചത്.
രാത്രി 8 മണിക്ക് തുടങ്ങിയ കാറ്റും മഴയും രണ്ട് മണിക്കൂറോളം നീണ്ടുനിന്നു. തിരുവാലി പഞ്ചായത്തിൽ 15ഓളം വീടുകൾ ഭാഗികമായി തകർന്നു. തിരുവാലി പഞ്ചായത്തിലെ തങ്കായം, ചാത്തക്കാട്, പഞ്ചായത്തുംപടി എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ നാശനഷ്‌ടം സംഭവിച്ചത്.
ഇവിടെ ഗതാഗതം ഇതുവരെ പുനസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. ഇ ആർ എഫും നാട്ടുകാരും ചേർന്ന് റോഡിലെ മരങ്ങൾ നീക്കി തുടങ്ങിയിട്ടുണ്ട്. തിരുവാലിയിൽ അടുത്ത കാലത്തുണ്ടായ എറ്റവും കനത്ത മഴയാണ് ഇന്നലെ രാത്രി പെയ്‌തിറങ്ങിയത്. ലക്ഷങ്ങളുടെ നഷ്‌ടമാണ് കണക്കാക്കുന്നത്.