മലപ്പുറം: കൊവിഡ് 19 ചികിത്സയിലായിരുന്ന ആറ് പേര്‍ രോഗമുക്തരായി. ഇവർ കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് തിങ്കളാഴ്ച വീടുകളിലേക്ക് മടങ്ങും. ജില്ലയിലെ ആദ്യ കൊവിഡ് ബാധിതരില്‍ ഒരാളായ അരീക്കോട്ടെ 60കാരിയും ഉള്‍പ്പെടെയുള്ളവരാണ് നാളെ വീടുകളിലേക്ക് മടങ്ങുന്നത്.
ഇത്രയധികം പേര്‍ രോഗമുക്തരായി ഒരുമിച്ച് ആശുപത്രി വിടുന്നത് സംസ്ഥാന സര്‍ക്കാരിൻ്റെ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടേയും ജില്ലയില്‍ തുടരുന്ന ചിട്ടയായ പ്രവര്‍ത്തനങ്ങളുടേയും വലിയ വിജയമാണന്ന് ജില്ലാ കലക്‌ടര്‍ ജാഫര്‍ മലിക് അറിയിച്ചു. ഇവര്‍ വീട്ടിലേക്കു മടങ്ങുന്നതോടെ ജില്ലയില്‍ രോഗമുക്തരായവരുടെ എണ്ണം എട്ടാകും.
മാര്‍ച്ച് 13ന് വൈറസ് ബാധ സ്ഥിരീകരിച്ച അരീക്കോട് ചെമ്രക്കാട്ടൂര്‍ വെള്ളേരി സ്വദേശിനി(60), മാര്‍ച്ച് 24 ന് വൈറസ് ബാധ സ്ഥിരീകരിച്ച താനൂര്‍ താനാളൂര്‍ മീനടത്തൂര്‍ സ്വദേശി(28), മാര്‍ച്ച് 22ന് രോഗബാധ കണ്ടെത്തിയ വള്ളിക്കുന്ന് കടലുണ്ടി നഗരം ആനങ്ങാടി സ്വദേശി(24), വേങ്ങര കൂരിയാട് സ്വദേശി(31), മാര്‍ച്ച് 29 ന് രോഗബാധ കണ്ടെത്തിയ മഞ്ചേരി പയ്യനാട് സ്വദേശി(41), ഏപ്രില്‍ ഒന്നിന് കോവിഡ് ബാധ സ്ഥിരീകരിച്ച എടപ്പാള്‍ സ്വദേശി(31) എന്നിവരാണ് രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങുന്നത്.
ഐസൊലേഷന്‍ കേന്ദ്രത്തിലെ ചികിത്സക്കു ശേഷം വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ച ഇവര്‍ പ്രത്യേക നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. രോഗമുക്തരായവരുടെ ആരോഗ്യനില തൃപ്തികരമാണന്ന് ഉറപ്പാക്കിയ ശേഷമാണ് വീടുകളിലേക്ക് അയക്കുന്നതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. വീടുകളില്‍ എത്തിയിട്ടും ഇവര്‍ ആരോഗ്യ വകുപ്പിൻ്റെ നിര്‍ദേശപ്രകാരമുള്ള പ്രത്യേക നിരീക്ഷണത്തില്‍ തുടരും.