മലപ്പുറം: പൊന്നാനിയിൽ മത്സ്യബന്ധനത്തിന് പോയ വെള്ളം മറിഞ്ഞ് അപകടത്തിൽ പെട്ട രണ്ട് മത്സ്യത്തൊഴിലാളികൾക്ക് രക്ഷകരായി കോസ്റ്റൽ പൊലീസും ഫിഷറീസ് ഉദ്യോഗസ്ഥരും. മത്സ്യത്തൊഴിലാളികളായ പുതുപൊന്നാനി കുഞ്ഞിമരക്കാരകത്ത് ഫാറൂഖ്, സ്രാങ്കിന്‍റെ പുരക്കൽ ഷാജി എന്നിവരെയാണ് പൊന്നാനി മൈലാഞ്ചി തീരത്തെ കടലിൽ രണ്ട് നോട്ടിക്കൽ മൈൽ അകലെ അപകടത്തിൽപ്പെട്ടതായി കണ്ടെത്തിയത്.
ഇന്നലെ രാവിലെയാണ് സർക്കാർ നിർദ്ദേശങ്ങൾ മറിക്കടന്ന് കടൽ ശാന്തമായതിനെ തുടർന്ന് രണ്ടുപേരും ചെറിയ വെള്ളത്തിൽ കടലിൽ പോയത്. എന്നാൽ ഇവർ തിരിച്ചുവരാൻ വൈകിയതിനെ തുടർന്ന് കരയിൽ ഉണ്ടായിരുന്ന മത്സ്യതൊഴിലാളികൾ അന്വേഷിച്ചപ്പോഴാണ് ഇവർ സഞ്ചരിച്ചിരുന്ന വള്ളം അപകടത്തിൽ പെട്ടതായി കണ്ടെത്തിയത്. തുടർന്ന് ഉടൻ തന്നെ പൊന്നാനി കോസ്റ്റൽ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ കോസ്റ്റൽ പൊലീസും പൊന്നാനിയിലെ ഫിഷറീസ് ഉദ്യോഗസ്ഥരും ഉടൻ തന്നെ ബോട്ടുമായി നടത്തിയ തിരച്ചിലിലാണ് മത്സ്യത്തൊഴിലാളികളെ കണ്ടെത്തിയത്.
ALSO READ: പൊലീസിനെ അസഭ്യം പറഞ്ഞ ലോറി ഡ്രൈവർ അറസ്റ്റിൽ
കരയിലുള്ള മത്സ്യത്തൊഴിലാളികൾ കൃത്യമായ വിവരം അറിഞ്ഞതും കൃത്യസമയത്ത് കോസ്റ്റൽ പൊലീസിന്‍റെയും ഫിഷറീഷ് ഉദ്യോഗസ്ഥരുടെ ഇടപെടൽ ഉണ്ടായതും കാരണമാണ് രണ്ട് മത്സ്യത്തൊഴിലാളികളുടെയും ജീവൻ തിരിച്ചു കിട്ടിയത്. എസ് ഐ മധുസൂദനൻ, സിപിഒ ടോണി ബാബു, വാർഡൻമാരായ താഹ, ഫൈസൽ, ബോട്ട് സ്റ്റാഫുകളായ പ്രദീപ്, യൂനുസ, അബ്ദുറഹ്മാൻ എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.